മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 32 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കൂത്തുപറമ്പ് സ്വദേശി നൗഷാദിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു.
മല ദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 689 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇന്നലെ അർധരാത്രി ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു നൗഷാദ്.
കസ്റ്റംസിന്റെ ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മല ദ്വാരത്തിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു. പിടികൂടിയ പേസ്റ്റ് രൂപത്തിലുള്ള സ്വർണം 749.5 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 689 ഗ്രാമാണ് ലഭിച്ചത്.
ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. കസ്റ്റംസ് അസി. കമ്മീഷണർ മധുസൂദന ഭട്ട്, സുപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാർ, ഇൻസ്പെക്ടർമാരായ കെ.ഹബീവ്, ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, ഹവിൽദാർ കെ.ടി.എം.രാജൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.