കണ്ണൂര്‍: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗൺ ലംഘിച്ച് അനാവശ്യമായി നിരത്തിലിറങ്ങിയവർക്കെതിരേ കർശന നടപടികളുമായി കണ്ണൂർ പോലീസ്. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ഇന്നലെ ജില്ലയിൽ 64 കേസുകൾ രജിസ്റ്റർ ചെയ്തു. 69 പേരെ പോലീസ് അറസ്റ്റ് ചെയ്തു.നാല് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു.
ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ നഗരത്തിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. രാവിലെ10 ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച റൂട്ട് മാർച്ച് സ്റ്റേഡിയം കോർണർ വഴി താലൂക്ക് ഓഫീസ് റോഡ് വഴി കാൽടെക്സിൽ സമാപിച്ചു. മൂന്നുറോളം പോലീസുകാർ പങ്കെടുത്തു.
കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തില്‍ ചക്കരക്കല്‍ ടൗണിലും തലശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിൽ തലശേരി ടൗണിലും തളിപ്പറന്പ് ഡിവൈഎസ്പി രത്നകുമാറിന്റെ നേതൃത്വത്തിൽ തളിപ്പറന്പ് ടൗണിലും ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിന്റെ നേതൃത്വത്തിൽ ഇരിട്ടി ടൗണിലും റൂട്ട് മാർച്ച് നടത്തി.
റൂട്ട് മാർച്ചിനു ശേഷം ജില്ലയിൽ പോലീസിന്റെ വാഹന പരിശോധന കർശനമാക്കി. കണ്ണൂർ നഗരത്തിലേക്കുള്ള പ്രവേശനാതിർത്തി ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് അടച്ചു.
അത്യാവശ്യ കാര്യങ്ങൾക്ക് നഗരത്തിൽ വരുന്നവർ നിശ്ചചിത അേപേക്ഷ ഫോം പൂരിപ്പിച്ച് നൽകണം. എങ്കിൽ മാത്രമേ നഗരത്തിലേക്ക് കടത്തിവിടുകയുള്ളൂ.
പോലീസ് നടപടി ശക്തമാക്കിയതോടെ ഇന്ന് നഗരത്തിലേക്ക് ഇറങ്ങുന്ന ആളുകളുടെ എണ്ണം കുറഞ്ഞു. ഭക്ഷ്യ സാധനങ്ങൾക്ക് അമിത വിലയും പൂഴ്ത്തി വയ്പും നടത്തിയാൽ വ്യാപാരികൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി കറങ്ങി നടന്നാൽ ഇവരെ അറസ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കാനും ജില്ലാ പോലീസ് മേധാവി നിർദേശം നല്‍കിയിട്ടുണ്ട്.
പയ്യന്നൂരിൽ കാറിൽ കറങ്ങിയ നാല് പേർ അറസ്റ്റിൽ
പയ്യന്നൂർ: അത്യാവശ്യകാര്യത്തിനല്ലാതെ പയ്യന്നൂരിൽ കറങ്ങാനെത്തിയ നാല് പേർ അറസ്റ്റിൽ.ചെറുവത്തൂർ ഓരിമുക്കിലെ സുഹറ മൻസിലിൽ കുഞ്ഞബ്ദുള്ള (53), സഫിയത്ത് മൻസിലിൽ അബ്ദുൾ സലാം (49), പടന്നയിലെ ബൈത്തുൽ മിസ്രിയിൽ ഷംസുദ്ദീൻ (44), ഹിബ മൻസിലിൽ അസ്ലം (44) എന്നിവരെയാണ് പയ്യന്നൂർ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്.
സർക്കാരിന്റെ നിർദേശം ലംഘിച്ച് അനാവശ്യമായി കറങ്ങി നടന്നതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.