പരിയാരം: കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്ആശുപത്രിയില്നിന്ന് കോവിഡ് രോഗമുക്തിനേടിയ യുവതി ആണ്‍കുഞ്ഞിനു ജന്മംനൽകി. കോവിഡ്മുക്തി നേടിയ ശേഷം കുഞ്ഞിന് ജന്മംനല്കുന്ന കേരളത്തിലെ രണ്ടാമത്തെ യുവതിയാണിവർ.
ആദ്യത്തേത് കാസർഗോഡ് സ്വദേശിയാണ്. അതും കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു. ഇന്നലെ ഉച്ചയോടെ ശസ്ത്രക്രിയയിലൂടെയാണു യുവതി ആണ്‍കുഞ്ഞിനു ജന്മംനല്കിയത്.
പതിനൊന്നോടെ യുവതിയെ ഓപ്പറേഷന് തിയറ്ററിലേക്ക് മാറ്റിയിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അജിത്തിന്റെ നേതൃത്തില്‍ ഡോ. ബീന ജോര്‍ജ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. സുരി, നഴ്സിംഗ് ജീവനക്കാരായ ഷില്ലി, ലിസി, അനസ്തേഷ്യ ടെക്നീഷ്യന് ശരണ്‍ എന്നിവരാണ് ശസ്ത്രക്രിയാസംഘത്തില്‍ ഉണ്ടായിരുന്നത്.
പീഡിയാട്രിക് വിഭാഗം മേധാവി ഡോ. എം.ടി.പി. മുഹമ്മദിന്റെ നിര്‍ദേശപ്രകാരം 3.25 ഗ്രാം തൂക്കമുള്ള കുഞ്ഞിനെ പിന്നീട് ഐസിയുവിലേക്കു മാറ്റി. അമ്മയും കുഞ്ഞും സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കോവിഡ് ബാധിച്ച കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശിനിയെ 17 നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27ന് അയച്ച അവസാനഫലവും നെഗറ്റീവാണെന്നു കണ്ടെത്തിയിരുന്നുവെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ത്തന്നെ തുടരുകയായിരുന്നു.
കർമനിരതരായ ഡോക്ടര്‍മാരും ജീവനക്കാരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവര്‍ പറഞ്ഞു.
കോവിഡ് സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിയവേ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയിലൂടെ കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി മുമ്പ് ആണ്‍കുഞ്ഞിനു ജന്മംനല്‍കിയിരുന്നു.
എന്നാല്‍, പിന്നീട് നടത്തിയ പരിശോധനയിൽ രോഗബാധയില്ലെന്നു വ്യക്തമായിരുന്നു. രാജ്യത്ത് ആദ്യമായി കോവിഡ് ചികിത്സയില്‍ കഴിയവേ യുവതി പ്രസവിച്ചത് ഡല്‍ഹി എയിംസിലായിരുന്നു.