കണ്ണൂർ: കോവിഡ് – 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്കു കുറയ്ക്കാൻ സുപ്രീം കോടതി നിർദേശ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലലടക്കം നടപടി തുടങ്ങി.
തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിലെ 300 തടവുകാർക്ക് പരോളോ, ഇടക്കാല ജാമ്യ മോ അനുവദിക്കുന്നതിന് പരിഗണിക്കാമെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് ബാബു രാജ് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകി.
സംസ്ഥാനങ്ങളോട് സുപ്രീം കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഴു വർഷം വരെ തടവുശിക്ഷ അനുഭവിക്കുന്നവർക്കും വിചാരണ തടവുകാർക്കും പരോളോ, ഇടക്കാല ജാമ്യ മോ അനുവദിക്കാമെന്നാണ് കോടതി നിർദ്ദേശം.
നാലു മുതൽ ആറാഴ്ച വരെയാണ് പരോൾ അനുവദിക്കുക. ആർക്കൊക്കെ പരോൾ നൽകാമെന്നതു സംബന്ധിച്ച് മാനദണ്ഡങ്ങളും പട്ടികയും ഇതിനായുള്ള ഉന്നതതല സമിതി തയാറാക്കും.ലീഗൽ സർവീസ് അഥോറിറ്റി ചെയർമാൻ ആണ് സമിതിയുടെ അധ്യക്ഷൻ.
സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ജയിൽ ഡിജിപി എന്നിവർ സമിതിയിലെ അംഗങ്ങളാണ്. ജയിൽ അധികാരികൾ അയച്ച ലിസ്റ്റിൽ നിന്ന് പരോളിനും ജാമ്യത്തിനും അർഹതയുള്ളവരെ സമിതിയാണ് തെരഞ്ഞെടുക്കുക.