തളിപ്പറമ്പ്: പെരുമ്പാമ്പിനെ കൊന്ന് കയറിൽ തൂക്കി സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച യുവാവിനെ തേടി വനം വകുപ്പ്.
തളിപ്പറമ്പ് ചിറവക്കിന് സമീപത്ത് വീട് നിർമാണ സ്ഥലത്ത് നിന്നാണ് ഒരു സംഘം പെരുമ്പാമ്പിനെ കൊന്നത്.
തുടർന്ന് ഒരാൾ പാമ്പിന്റെ കഴുത്തിന് കയറിട്ട് തൂക്കി പിടിക്കുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പരിസ്ഥിതി പ്രവർത്തകൻ വിജയ് നീലകണ്ഠൻ വനംവകുപ്പ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു.
വന്യജീവി നിയമ പ്രകാരം സുരക്ഷിത വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതോ കൊല്ലുന്നതോ കുറ്റകരമാണ്.
സംഭവത്തിൽ കേസെടുത്തതായും പ്രതിക്കായി അന്വേഷണം തുടങ്ങിയതായും ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി. ജയപ്രകാശ് പറഞ്ഞു.