കണ്ണൂർ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ് നാടുനീളെ പരിശോധന നടത്തുന്പോഴും പല കള്ളുഷാപ്പുകൾക്ക് മുന്നിലും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിപ്പറത്തി വൻ തിരക്ക്.
വിദേശ മദ്യഷാപ്പുകള്‍ അടച്ചതോടെയാണ് കള്ളുഷാപ്പുകൾക്ക് മുന്നിൽ ആളുകള്‍ കൂട്ടമായെത്തുന്നത്.
ഇന്നലെ പൊടിക്കുന്ന് സെന്‍ട്രല്‍ ജയിലിന് സമീപമുള്ള കള്ളുഷാപ്പില്‍ സാമൂഹിക അകലം പോലും പാലിക്കാതെയാണ് ആളുകളെത്തിയത്. പലരും മാസ്കുപോലും ശരിയായി ധരിച്ചിട്ടില്ലായിരുന്നു.
ഷാപ്പുകളിൽ വച്ച് മദ്യപിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ കാനുകളും കുപ്പികളുമായെത്തിയാണ് അതിരാവിലെ മുതൽ ആവശ്യക്കാർ വരിനിൽക്കുന്നത്.
നിയന്ത്രണങ്ങൾ കടുപ്പിച്ച ചൊവ്വാഴ്ച കാട്ടാമ്പള്ളി ബാലന്കിണറിന് സമീപത്തുള്ള കള്ളുഷാപ്പിന് മുന്നില്‍ പൊതുറോഡ് വരെ മദ്യം വാങ്ങാനെത്തിയവരുടെ വലിയ നിരയായിരുന്നു.
കൂടാതെ നാട്ടിന്‍പുറത്തുള്ള ഒട്ടുമിക്ക കള്ളുഷാപ്പുകളിലും ഇതുതന്നെയാണ് അവസ്ഥ.
ജനങ്ങളോട് സാമൂഹിക അകലം പാലിക്കണമെന്നും കടകള്‍ക്കുമുന്നില്‍ രണ്ടു മീറ്റര്‍ അകലത്തില്‍ നിന്നു വേണം സാധനങ്ങള്‍ വാങ്ങാനെന്നും കടകളിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനു പകരം ഓണ്‍ലൈനിലൂടെയോ ഫോണിലൂടെയോ വിളിച്ച് ബുക്ക് ചെയ്ത് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കണമെന്നും പറയുന്ന നാട്ടിലാണ് യാതൊരു സാമൂഹിക അകലവും പാലിക്കാതെ കള്ളുഷാപ്പുകളില്‍ വില്പന തകൃതിയായി നടത്തുന്നത്.
നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പോലീസ് ഇവിടങ്ങളില്‍ പരിശോധനയ്ക്കെത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
വ്യാജവാറ്റ് വ്യാപകം
കോവിഡ് ലോക്ക് ഡൗൺ മുതലെടുത്ത് മലയോരമേഖലകളില്‍ വ്യാജവാറ്റ് കേന്ദ്രങ്ങള്‍ പെരുകുന്നതായി ആക്ഷേപം.
വിദേശ മദ്യഷാപ്പുകള്‍ അടച്ചതോടെയാണ് വ്യാജവാറ്റ് കേന്ദ്രങ്ങൾ സജീവമായത്. എക്സൈസ് സംഘം വ്യാപക പരിശോധന നടത്തി വാറ്റുകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നുണ്ടെങ്കിലും പുതിയ കേന്ദ്രങ്ങളില്‍ വില്പന തകൃതിയായി നടക്കുന്നുണ്ട്.
ശ്രീകണ്ഠപുരം, പയ്യാവൂർ, ആലക്കോട്, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂര്‍, മേഖലകളിലാണ് കൂടുതല്‍ വ്യാജ വാറ്റ് കേന്ദ്രങ്ങളുള്ളത്. വീടുകള്‍ കേന്ദ്രീകരിച്ചും വാറ്റും വില്പനയും നടക്കുന്നതായാണ് എക്സൈസ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
വാട്ട്സ്ആപ്പ് മുഖേനയാണ് വ്യാജവാറ്റുകാർ വില്പനയ്ക്കുള്ള സാധ്യത ഉപയോഗപ്പെടുത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
വ്യാജവാറ്റ് സംഘങ്ങൾക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ വരെയുണ്ട്. കൂടാതെ മദ്യമെത്തിച്ചു നല്കാന് ഓണ്‍ലൈന്‍ സംഘങ്ങളും സജീവമാണ്.
കൂടുതല്‍ പണം നല്കിയാല് എക്സൈസിന്റെ കണ്ണു വെട്ടിച്ച് ജില്ലയിൽ എവിടെയാണെങ്കിലും മദ്യമെത്തിക്കാൻ ഇവർ തയാറാണ്.