കണ്ണൂര്‍: കോവിഡ് പകര്‍ച്ചവ്യാധി പ്രതിരോധനടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാത്തപക്ഷം അനുവദിച്ച ഇളവുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടിവരുമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ്.
കച്ചവടസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്ക് ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളില്ലാതെ ആളുകള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു പുതിയ ഉത്തരവ്. ഈ സാഹചര്യത്തില്‍ കുറ്റമറ്റ ക്വാറന്റൈനും ശരിയായ റിവേഴ്സ് ക്വാറന്റൈനും പാലിക്കല്‍, മാസ്ക് ധാരണം, സുരക്ഷിത അകലം പാലിക്കല്‍ (ആറടി), കൈകഴുകല്‍, പൊതുസ്ഥലത്ത് തുപ്പാതിരിക്കല്‍ തുടങ്ങിയ പഞ്ചശീലങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും കളക്ടർ ഉത്തരവില്‍ വ്യക്തമാക്കി.
പഞ്ചശീലങ്ങള്‍ സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, കച്ചവടസ്ഥാപനങ്ങള്‍, ബാര്‍ബര്‍ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലര്‍, വ്യവസായസ്ഥാപനങ്ങള്‍, ഹോട്ടല്‍, റസ്റ്റോറന്റ്, ഓഫീസുകള്‍, വിദ്യാലയങ്ങള്‍, മറ്റു തൊഴിലിടങ്ങള്‍, കൃഷിസ്ഥലങ്ങള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, ബസ്സ്റ്റാന്‍ഡുകള്‍, റെയില്വേസ്റ്റേഷന്, എയര്‍പോര്‍ട്ട്, കളിസ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കുന്നുണ്ടെന്നും സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് ഉള്‍പ്പെടെയുള്ള ശുചീകരണസംവിധാനങ്ങള്‍ സജ്ജമാക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തേണ്ടതാണ്. കച്ചവടസ്ഥാപനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നപക്ഷം ബന്ധപ്പെട്ട തദ്ദേശസ്ഥാപന മേധാവികള്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
ക്വാറന്റൈനില്‍ കഴിയുന്ന മുഴുവനാളുകളും ആരോഗ്യപ്രവര്‍ത്തകര്‍, തദ്ദേശസ്ഥാപന മേധാവികള്‍, പോലീസ് എന്നിവരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്. ഹോം ക്വാറന്റൈനില്‍ പ്രവേശിക്കപ്പെടുന്നവരുടെ വീടുകളില്‍ 65 വയസിനു മുകളില്‍ പ്രായമായവരോ, പത്തു വയസില്‍ താഴെയുള്ള കുട്ടികളോ, അവശരോ, രോഗബാധിതരോ, ഗര്‍ഭിണികളോ ഉണ്ടെങ്കില്‍ ഇവര്‍ മറ്റൊരിടത്തേക്കു റിവേഴ്സ് ക്വാറന്റൈനില്‍ പ്രവേശിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തേണ്ടതാണ്.
പത്തു വയസിനു താഴെയുള്ള കുട്ടികളും 65 വയസിനു മുകളിലുള്ളവരും രോഗബാധയുള്ളവരും ഗര്‍ഭിണികളും വീടിനു പുറത്തിറങ്ങുന്നില്ലെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തേണ്ടതാണ്. സൗഹൃദസന്ദര്‍ശനങ്ങളും ബന്ധുവീടുകളിലുള്ള സന്ദര്‍ശനങ്ങളും അടിയന്തരഘട്ടങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. തളിപ്പറമ്പ്, തലശേരി സബ്കളക്ടര്മാര്ക്കാണു നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ മേല്‍നോട്ട ചുമതല. പരിശോധനകള്‍ക്കായി ഇന്‍സിഡന്റല്‍ കമാന്‍ഡര്‍മാരെയും ഇവരെ സഹായിക്കുന്നതിനായി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്ന പക്ഷം 2005-ലെ ദുരന്തനിവാരണ നിയമത്തിന്റെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും 1087 എപ്പിഡമിക് ആക്ട് പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡിന്റെ 188- ാം വകുപ്പ് പ്രകാരവും ഉചിതമായ മറ്റു ചട്ടങ്ങള്പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.