കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് വില്ലേജില്‍ റീസര്‍വേ നമ്പര്‍ 146/1 ല്‍പ്പെട്ട 1.45 ഏക്കര്‍ ഭൂമിയും കാസർഗോഡ് താലൂക്കിലെ മുട്ടത്തൊടി വില്ലേജില്‍ റീസർവേ നമ്പര്‍ 206/3 ബിയില്‍പ്പെട്ട 1.95 ഏക്കര്‍ ഭൂമിയും അവകാശികളില്ലാതെ ഉപേക്ഷിക്കപ്പെട്ട ഭൂമിയായി കണ്ടെത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
ആറു മാസത്തിനുള്ളിൽ മതിയായ തെളിവുകളുമായി അവകാശികൾ എത്തിയില്ലെങ്കിൽ ഈ സ്ഥലങ്ങൾ കേരള അന്യംനില്‍പ്പ്, കണ്ടുകെട്ടല്‍ ആക്ട് 1964, സെക്ഷന്‍ 11 എഫ് പ്രകാരം സര്‍ക്കാരിലേക്കു കണ്ടുകെട്ടും. ഏതെങ്കിലും വ്യക്തിക്ക് ഈ സ്ഥലങ്ങളില്‍ അവകാശമുള്ളപക്ഷം ആറു മാസത്തിനുള്ളില്‍ ജില്ലാ കളക്ടര്‍ മുമ്പാകെ മതിയായ രേഖകള്‍ സഹിതം ഹാജരാകണമെന്ന് ഉത്തരവിൽ പറയുന്നു.
റീസർവേ നടപടി പുരോഗമിക്കുന്നതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഈ രീതിയിൽ അവകാശികളില്ലാതെയും മതിയായ രേഖകളില്ലാതെയും കിടക്കുന്ന സ്ഥലങ്ങൾ റവന്യുവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നുണ്ട്. നേരത്തേ എറണാകുളം ജില്ലയിലെ കളമശേരിയിൽ അവകാശികളില്ലാതെ കിടന്ന രണ്ടര സെന്റ് സ്ഥലത്തിന്റെ കഥ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
ചില സ്ഥലങ്ങൾ അവകാശത്തർക്കങ്ങളിൽപ്പെട്ടു കോടതി കയറുകയും ബന്ധപ്പെട്ട കക്ഷികൾക്ക് അവരുടെ അവകാശം തെളിയിക്കാനുള്ള കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിയാതിരിക്കുകയും ചെയ്തവയാണ്. ഇത്തരം കേസുകളിൽ പോലീസ് അന്വേഷണത്തിലൂടെ യഥാർഥ അവകാശികളെ കണ്ടെത്താനായി കോടതി ഉത്തരവ് നൽകാറുണ്ട്.
സമാനമായൊരു കേസിൽ ഡൽഹി പോലീസ് നടത്തിയ അന്വേഷണത്തിലൂടെ മംഗളൂരു ബണ്ട്വാളിലെ വയോധികനായ എഡ്വിൻ ഡിസൂസയെ 10 കോടി രൂപ വിലമതിക്കുന്ന ഫാംഹൗസിന്റെ ഏക അവകാശിയായി കണ്ടെത്തിയ കഥ കഴിഞ്ഞ വാരം സൺഡേ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ജില്ലയിൽ പരാമർശിക്കപ്പെട്ട സ്ഥലങ്ങളുമായി ബന്ധപ്പെട്ട് ഇതുപോലുള്ള കേസുകളൊന്നും ഇപ്പോഴില്ലാത്തതിനാൽ ആറു മാസത്തിനകം അവകാശികളാരെങ്കിലും സ്വയം അന്വേഷിച്ചെത്തിയില്ലെങ്കിൽ ഈ സ്ഥലങ്ങൾ സർക്കാരിലേക്കുതന്നെ കണ്ടുകെട്ടാനാണ് സാധ്യത.
ശ്രീജിത് കൃഷ്ണൻ