പയ്യന്നൂര്‍: രാവിലെ ഒന്പതോടുകൂടിയാരംഭിച്ച് രാത്രി ഒന്‍പതോടെ അവസാനിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രചരണ പരിപാടികളാണ് പയ്യന്നൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്.
സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്ഥിയെത്തുന്നതിന് മുമ്പുതന്നെ പൈലറ്റ് വാഹനങ്ങളില്‍ നേതാക്കളെത്തി പ്രസംഗമാരംഭിക്കും.സ്ഥാനാര്ഥിയെത്തുന്നതോടെ വാദ്യഘോഷങ്ങളും മുദ്രാവാക്യം വിളികളുമായുള്ള എതിരേല്ക്കല്.
പിന്നീടാണ് സ്ഥാനാര്‍ഥികളുടെ ഊഴം.വിശദമായ പ്രസംഗങ്ങള്‍ നേതാക്കള്‍ നടത്തുന്നതിനാല്‍ ചുരുങ്ങിയ വാക്കുകള്‍ മാത്രമാണ് സ്ഥാനാര്ഥികളില്നിന്നുണ്ടാകുന്നത്. സ്ഥാനാർഥികളുടെ പ്രസംഗം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തപ്പോൾ…
എതിരാളികളില്ലാത്ത തെരഞ്ഞെടുപ്പെന്ന് ടി.ഐ. മധുസൂദനന്(എല്‍ഡിഎഫ്)
പ്രിയ വോട്ടര്‍മാരെ സഹോദരി സഹോദരന്മാരെ…
കൂടുതല്‍ സംസാരിക്കാന്‍ പാടില്ല എന്ന വിലക്കുള്ളതിനാല്‍ ചുരുങ്ങിയ വാക്കുകളില്‍ ഞാനൊതുക്കുകയാണ്. ദുരിതങ്ങളുടേയും പ്രളയങ്ങളുടേയും മഹാവ്യാധിയുടേയും അനിര്‍വചനീയമായ പ്രതിസന്ധികള്‍ക്കിടയിലും സമാനതകളില്ലാത്ത കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ നേതാക്കള്‍ ഇവിടെ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്.
പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റിയാണ് തികഞ്ഞ അഭിമാനത്തോടെ നമ്മള് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രതിസന്ധികളില്‍ താങ്ങും തണലുമായ സര്‍ക്കാരിനനുകൂലമായ ഹൃദയവികാരമാണ് കേരളത്തിലെങ്ങും അലയടിക്കുന്നത്.
അതിനാല്‍ത്തനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ച് എതിരാളികളില്ലാത്ത ഒരു തെരഞ്ഞെടുപ്പാണ് നടക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. വളരെയധികം പാരമ്പര്യമുള്ള ഈ മണ്ണില്‍ സ്ഥാനാര്‍ഥിയായി നില്ക്കുമ്പോള് വലിയ ഉത്തരവാദിത്വമാണ് എന്നിലുള്ളതെന്ന് എനിക്കറിയാം.
രക്തസാക്ഷി കുടുംബങ്ങളെ കാണാനെത്തിയപ്പോള്‍ അവരെല്ലാം പറഞ്ഞത് പയ്യന്നൂരില്‍ ജയിച്ചാല്‍ മാത്രം പോരാ, കേരളത്തിലെ ഏറ്റവും വലിയ വിജയമായിരിക്കണം അതെന്നാണ്.
ഒരുലക്ഷത്തിഎണ്പതിനായിരത്തിലധികം വോട്ടര്‍മാരുള്ള ഈ മണ്ഡലത്തില്‍ എല്ലാവരേയും നേരിട്ടുകാണുക പ്രയാസമുള്ള കാര്യമാണ്. ഈ ഉത്തരവാദിത്വം നമ്മളെല്ലാം ചേര്‍ന്ന് നിര്‍വഹിക്കണം.
ഏത് വിഷമസന്ധിയിലും പ്രയാസങ്ങളിലും ഞങ്ങള്‍ എപ്പോഴും കൂടെയുണ്ടായിട്ടുണ്ട്. അതോടൊപ്പം ഇനിയുള്ള കാലങ്ങളിലും നാടിന്റെ വികസനങ്ങളിലും ക്ഷേമത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്ന ഉറപ്പ് പങ്കുവെച്ചുകൊണ്ട് നിര്‍ത്തുന്നു.
നമ്മുടെ പൈതൃകം വീണ്ടെടുക്കണമെന്ന് എം. പ്രദീപ് കുമാര്‍ (യുഡിഎഫ്)
പ്രിയ വോട്ടര്‍മാരെ സഹോദരീ സഹോദരരെ…
മഹത്തായ പാരമ്പര്യമുള്ള മണ്ണാണ് നമ്മുടേത്. ഐതിഹാസികമായ സ്വാതന്ത്ര്യ സമരത്തില്‍ നമ്മുടെ പൂര്‍വികര്‍ക്കുണ്ടായിരുന്ന പങ്ക് വളരെ വലുതായിരുന്നു.
മഹാത്മാഗാന്ധിയുടെ പാദസ്പര്ശമേറ്റതിലൂടെ പവിത്രമായതാണ് ഈ മണ്ണ്. ഇവിടെ നമ്മുടെ പൈതൃകം വീണ്ടെടുക്കാനുള്ള പ്രയത്നത്തില്‍ നിങ്ങളുടെ ഓരോരുത്തരുടേയും സഹകരണമത്യാവശ്യമാണ്. എന്നെ നിങ്ങള്‍ക്കറിയാം.
പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത് പയ്യന്നൂരിന് ഒരു മാറ്റം വേണ്ടേയെന്നാണ്. ഇത്രയും പാരമ്പര്യമുള്ള നഗരത്തിലെ ഒരു ബസ്സ്റ്റാൻഡ് പോലും കാല്‍നൂറ്റാണ്ടായിട്ടും പൂര്‍ത്തീകരിക്കാനായിട്ടില്ല.
കുടിവെള്ളത്തിനായി അലയേണ്ട ഗതികേടിലാണ് പല പ്രദേശങ്ങളും. അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ ജോലിതേടി അലയുകയാണ്.
കേരളത്തില്‍ ഈയവസ്ഥയ്ക്കൊരു മാറ്റം വേണ്ടേ? പയ്യന്നൂരിലും വേണ്ടേ ഒരു മാറ്റം? ഇതിനായി എല്ലാവരും സഹായിക്കണം.
ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറത്ത് നിങ്ങളോടൊപ്പം ചേര്‍ന്ന് ഒരു നാട്ടു കൂട്ടായ്മയുടെ ഭാഗമായി ജനനന്മയ്ക്കായി പ്രവര്‍ത്തിക്കും. പകയുടെയും വിദ്വേഷത്തിന്റേയും രാഷ്ട്രീയം നമുക്ക് വേണ്ട.
നന്മയും പരസ്പര സ്നേഹവും ചൊരിയുന്ന ഒരു നാട് കെട്ടിപ്പെടുക്കാന്‍ നമ്മുടെ പൈതൃകം വീണ്ടെടുക്കാന്‍ നിങ്ങളുടെ സഹായമുണ്ടാകണം. എന്നും ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും.നിര്‍ത്തുന്നു.
പയ്യന്നൂര്‍ ആരുടേയും കുത്തകയല്ലെന്ന് അഡ്വ.കെ.കെ.ശ്രീധരന് (എന്‍ഡിഎ)
നമസ്കാരം, എന്‍ഡിഎ സ്ഥാനാര്‍ഥിയാണ്.
നിങ്ങളുടെ വോട്ടുകള്‍ എനിക്ക് തരണം.പയ്യന്നൂര്‍ എന്ന് പറയുന്ന നാട് ആരുടേയും കുത്തകയല്ല. പതിറ്റാണ്ടുകളായി കയ്യടക്കിവെച്ചിരുന്ന പശ്ചിമ ബംഗാളും ത്രിപുരയും തകര്‍ന്നടിഞ്ഞത് നമ്മള് കണ്ടതാണ്.
പയ്യന്നൂരും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയാന്‍ അധികം പ്രയാസമില്ല. പയ്യന്നൂരെന്ന് പറയുന്നത് കമ്മ്യൂണിസ്റ്റുകളിലെ വിശ്വാസികളായ 70 ശതമാനം പേരും താമസിക്കുന്ന പ്രദേശമാണ് എന്നതാണ് യാഥാര്‍ഥ്യം.
ഇവരുടെ വിശ്വാസത്തിനേറ്റ ആഘാതം ചെറുതല്ലെന്ന് മാത്രമല്ല വിശ്വാസ സമൂഹത്തിന് പോറലേല്പ്പിച്ചതും മറന്നിട്ടില്ല.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളും തീരുമാനങ്ങളും എല്ലാ വിശ്വാസങ്ങളേയും ആചാരങ്ങളേയും തകിടം മറിച്ചു. ഇനിയൊരധികാരം കൂടി ലഭിച്ചാല്‍ വിശാസ സമൂഹത്തെ ഇവര്‍ കൂടുതലായി ചോദ്യം ചെയ്യും.
ഇത് കൂടുതലായി ബാധിക്കുക ഹിന്ദുവിശ്വാസികളേയാണ്. അതിന് നമ്മള് ഇടവരുത്തരുത്. വികസനങ്ങളൊന്നും മന്ത്രിമാരുടേയോ എംഎല്‍എമാരുടേയോ ബുദ്ധിയിലുദിച്ചതല്ല. അതെല്ലാം വിവരമുള്ള ഉദ്യോഗസ്ഥരുടെ തലയിലുദിച്ചതാണ്.
ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ഇവയെല്ലാം നടപ്പാക്കാനുള്ള ഉത്തരവാദിത്വം മന്ത്രിമാര്‍ നിര്‍വഹിച്ചെന്ന് മാത്രമെയുള്ളു.
അതിനാല്‍ പയ്യന്നൂരിലും ഒരുമാറ്റം അത്യാവശ്യമാണ്. അതിനായി എല്ലാവരും എന്നെ സഹായിക്കണം… നിര്‍ത്തുന്നു.