സ്വന്തം ലേഖകൻ
കണ്ണൂർ: സന്പർക്കത്തിലൂടെ രോഗം പകരുന്നതിന്റെ നിരക്ക് കണ്ണൂർ ജില്ലയിൽ സംസ്ഥാന ശരാശരിയെക്കാൾ ഇരട്ടിയാകുന്നതിനെ തുടർന്ന് കണ്ണൂർ ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക്.
ജൂൺ ഒന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കും. ട്രിപ്പിൾ ലോക്ക്ഡൗണിൽ എന്തൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ ജില്ലാ കളക്ടർ, ഡിഐജി, ജില്ലാ പോലീസ് മേധാവി എന്നിവർ ഉൾപ്പെട്ട യോഗം ഇന്നോ നാളെയോ കണ്ണൂരിൽ ചേരും.
ഇതുവരെ 214 കോവിഡ് പോസറ്റീവ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 55 പേർക്ക് രോഗബാധ ഉണ്ടായത് സന്പർക്കത്തിലൂടെയാണ്.
വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്താൻ തുടങ്ങിയതോടെയാണ് കൂടുതൽ സന്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ധർമടത്ത് ഒരു വീട്ടിൽ 13 പേർക്ക് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പത്രസമ്മേളനത്തിൽ ഇന്നലെ പറഞ്ഞിരുന്നു.
ട്രിപ്പിൾ ലോക്ക് ഡൗണിൽ ജില്ല പൂർണമായും അടച്ചിടില്ല. കോവിഡ് പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ഹോട്ട്സ്പോട്ടുകളിലായിരിക്കും ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുക.നിലവിൽ കണ്ണൂരിൽ 25 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
ഹോട്ട്സ്പോട്ടുകളിലെ കണ്ടൈൻമെൻ സോണുകളിലെ ഇടവഴികളടക്കം അടച്ചിടും. കടകളും പൂർണമായി അടച്ചിടും. പൊതുഗതാഗതം അടക്കം ഈ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. അവശ്യസാധനങ്ങൾ ഹോം ഡെലിവറിയായി വീടുകളിൽ എത്തിക്കും. അടച്ചിടുന്ന സ്ഥലങ്ങളിൽ പുറമേ നിന്ന് ആർക്കും പ്രവേശനമില്ല.
ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ വ്യാപാരസ്ഥാപനങ്ങളെല്ലാം കണ്ണൂരിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. എന്നാൽ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും നിയന്ത്രണം കൊണ്ടുവരും. മാർക്കറ്റുകൾ ഉൾപ്പെടെ പോലീസ് നിയന്ത്രണത്തിലായിരിക്കും.
ഒരു നിശ്ചിത ശതമാനം ആളുകളെ സാമൂഹ്യ അകലം പാലിച്ചായിരിക്കും മാർക്കറ്റിൽ പ്രവേശിപ്പിക്കും. നിലവിൽ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ആയിക്കര ഉൾപ്പെടെയുള്ള മത്സ്യമാർക്കറ്റുകൾ പ്രവർത്തിക്കുന്നത്.
ആയിക്കരയിൽ മത്സ്യം വാങ്ങുവാൻ പുലർച്ചെ മുതൽ വൻ ജനക്കൂട്ടമാണ് എത്തിച്ചേരുന്നത്. അതിനാൽ, ഇവിടെ കർശന നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ വഴിയോര കച്ചവടവും വ്യാപകമായിരിക്കുകയാണ്. ഇതിനെതിരേയും നിയന്ത്രണം ഏർപ്പെടുത്തും.