പയ്യന്നൂര്‍: നഗരത്തിലെ പ്രധാന റോഡില്‍ കൂറ്റന്‍ തണല്‍മരം കടപുഴകി വീണതിനെ തുടര്‍ന്ന് നഗരത്തില്‍ നാലര മണിക്കൂര്‍ ഗതാഗത സ്തംഭനം.
അപകടത്തില്‍ വൈദ്യുത പോസ്റ്റുകള്‍ തര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. കച്ചവട സ്ഥാപനങ്ങള്‍ക്കും നഷ്ടം.
ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിന് സമീപത്തെ കൂറ്റന്‍ തണല്‍മരം നിലംപൊത്തിയത്. പയ്യന്നൂര്‍ നഗരത്തില്‍ നിലവിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള മരങ്ങളിലൊന്നാണിത്.
കനത്ത മഴയിലും കാറ്റിലും മരം വേരോടെ കടപുഴകി റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.അപകടത്തില്‍ വൈദ്യുത പോസ്റ്റുകളും ലൈനുകളും തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധവും ഇല്ലാതായി.
റോഡിനെതിര്‍വശത്തെ സ്വപ്ന വെജിറ്റബിള്‍സ് കടയുടെ ഷീറ്റുമേഞ്ഞ മുന്‍ഭാഗം തകര്‍ന്നു.സമീപത്തെ കളേര്‍സ് ഫ്ളവേഴ്സിന്റെ ഷീറ്റുമേഞ്ഞ മുന്‍ഭാഗത്തിനും കേടുപറ്റി.
വൈദ്യുതി പോസ്റ്റ് കടപുഴകി സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ തട്ടിയാണ് നില്‍ക്കുന്നത്. മരച്ചുവട്ടിലുണ്ടായിരുന്ന പെട്ടിപീടിക തകര്‍ന്ന് നിലംപൊത്തി.
ഇതുവഴിയുള്ള ഗതാഗതം നിലച്ചതോടെ നഗരത്തിലേക്ക് പോകേണ്ട വാഹനങ്ങള്‍ മുന്‍സിപ്പല്‍ റോഡുവഴിയും പെരുമ്പ ബൈപാസ് റോഡുവഴിയും പോലീസ് തിരിച്ച് വിട്ടാണ് ഗതാഗത പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്.
മരം കടപുഴകി വീണ സമയത്ത് വാഹനങ്ങളും യാത്രക്കാരുമില്ലാതിരുന്നതാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാകാന്‍ കാരണം. പകല്‍സമയത്തായിരുന്നു അപകടമെങ്കില്‍ തിരക്കേറിയ ഈ റോഡില്‍ സംഭവിക്കുമായിരുന്നത് വന്‍ ദുരന്തമായിരുന്നു.
വിരമറിഞ്ഞെത്തിയ പയ്യന്നൂര്‍ അഗ്നിരക്ഷാ സേനാംഗംങ്ങള്‍ നാലരമണിക്കൂര്‍ നീണ്ട കഠിനാധ്വാനത്തിലുടെ മുറിച്ച മരം ക്രെയിന്‍ ഉപയോഗിച്ചാണ് നീക്കിയത്.
വണ്ണമുള്ള കൊമ്പുകളും ചില്ലകളും റോഡ് പൂര്‍ണമായും കീഴടക്കിയതോടെ ഇതിനിടയിലുള്ള പന്ത്രണ്ടടിയോളം വ്യാസമുള്ള മരം മുറിച്ചു നീക്കുക സാഹസമായിരുന്നു.
സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ എം.പ്രേമന്, ഡ്രൈവര്‍ പി.കെ.അജിത്കുമാര്‍, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ എം.ഷിനോജ്, എ.സുധിന്‍, പി.വി.ലിഗേഷ്, ഹോംഗാര്‍ഡുമാരായ കെ.തമ്പാന്, ശ്രിനിവാസന്പിള്ള, കെ.ഗോവിന്ദന് എന്നിവരടങ്ങിയ അഗ്നിരക്ഷാസേനയാണ് പയ്യന്നൂര്‍ പോലീസിന്റെ സഹായത്തോടെ കനത്ത മഴയിലും മരങ്ങള്‍ മുറിച്ചുമാറ്റിയത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ ചെയര്മാന് ശശി വട്ടക്കൊവ്വലും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി.