കണ്ണൂർ: രണ്ടുവർഷം മുന്പ് കാണാതായ യുവാവിനെ കണ്ടെത്തി. കേണലിന്റെ അനുജനും കേന്ദ്ര സർവീസിൽ ഉന്നത ഉദ്യോഗസ്ഥനായി വിരമിച്ച ആളുടെ മകനുമായ എൻജിനിയറിംഗ് വിദ്യാർഥിയെ വിദഗ്ധമായ അന്വേഷണത്തിലൂടെ കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തി.
തമിഴ്നാട്ടിൽ മൂന്നാംവർഷ എൻജിനിയറിംഗിന് പഠിച്ചുകൊണ്ടിരിക്കെയാണ് എറണാകുളം ചങ്ങനാശേരി സ്വദേശിയായ യുവാവിനെ കാണാതാവുന്നത്.
തുടർന്ന് തമിഴ്നാട്ടിലും സ്വദേശമായ എറണാകുളത്തും ഉൾപ്പെടെയുള്ള പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും ആരും കാര്യക്ഷമമായി അന്വേഷണം നടത്താൻ തയാറായിരുന്നില്ല. ഇതിനിടെയാണ് കണ്ണൂരിൽ കേണലായി വന്ന സഹോദരന്റെ ജ്യേഷ്ഠനായ കേണൽ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുന്നത്.
പ്ലസ്ടുവിന് 90 ശതമാനത്തിലേറെ മാർക്ക് ലഭിച്ച സഹോദരന്റെ മകനെ പിന്നീട് ചെന്നൈയിലെ ഉന്നത എൻജിനിയറിംഗ് കോളജിൽ പഠിച്ചുകൊണ്ടിരിക്കെയാണ് ഒരുദിവസം കാണാതാവുന്നത്.
വിരമിച്ച് രണ്ടാംമാസം പിതാവും കൂടി മരിച്ചതോടെയാണ് അനാഥനായിപ്പോയെന്ന ചിന്തയിൽ കോളജിൽ വച്ച് സഹോദരന്റെ മകനെ കാണാതായതെന്ന് കേണൽ ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തമിഴ്നാട്ടിലെയും കേരളത്തിലെയും മറ്റ് പോലീസ് അധികൃതർ ഇതുസംബന്ധിച്ചുള്ള പരാതിയെക്കുറിച്ചുള്ള അന്വേഷണം കൈയൊഴിഞ്ഞതോടെയാണ് കേണൽ അവസാനഘട്ടമെന്ന നിലയിൽ കണ്ണൂർ ടൗൺ സിഐ പ്രദീപ് കണ്ണിപ്പൊയിലുമായി സംസാരിക്കുന്നത്.
ഒന്നരക്കോടി രൂപയുടെ ഇൻഷ്വറൻസ് മാത്രം കാണാതായ എൻജിനിയറിംഗ് വിദ്യാർഥിയുടെ പേരിലുണ്ട്. അച്ഛനും അമ്മയും ഉന്നത ഉദ്യോഗസ്ഥരായിരുന്നു. ഏക മകനായിരുന്നു വിദ്യാർഥി.
തുടർന്ന് പരാതി ലഭിച്ചതോടെ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ സഹപ്രവർത്തകരായ മുരളീധരൻ, മനോജ് എന്നിവർ 18 ദിവസത്തോളം ചെന്നൈയിൽ പോയി അന്വേഷിച്ചപ്പോഴാണ് ചെന്നൈയ്ക്കടുത്ത ഷോളിംഗ നെല്ലൂർ എന്ന സ്ഥലത്തെ ഒരു പഴയ വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുന്ന നിലയിൽ വിദ്യാർഥിയെ കാണുന്നത്. അന്വേഷണത്തിന് സൈബർസെല്ലിന്റെ സഹായവുമുണ്ടായിരുന്നു.
ഒരു ബേക്കറിയിൽ ജോലിയെടുത്ത് അതാതു ദിവസം ജീവിതം തള്ളിനീക്കുകയായിരുന്നു കോടികളുടെ ആസ്തിയുള്ള ഈ യുവാവ്. ആ പ്രദേശത്തെ ഒരു കടയിൽ നിന്ന് യുവാവിന്റെ പേരിൽ വാങ്ങിയ കുറിപ്പാണ് പോലീസിന് അന്വേഷണത്തിന് തുന്പായത്.
തുടർന്ന് ഈ യുവാവിനെയും കൂട്ടി കേണലിന് കൈമാറുകയായിരുന്നു. രണ്ടുവർഷത്തിനുശേഷം സഹോദരന്റെ മകനെ ജീവനോടെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഈ കുടുംബം.