ഇരിട്ടി: കനത്ത മഴയിൽ ഇരിട്ടി മേഖലയിൽ ദുരിതം തുടരുന്നു. പേരട്ട തൊട്ടിപ്പാലത്ത് ഇന്നു പുലർച്ചെ ഉരുൾപൊട്ടി. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വള്ളിത്തോട്ടിൽ വെള്ളക്കെട്ടിൽ വീണു വയോധികൻ മരിച്ചു. കോളിത്തട്ടിലെ വില്ലംപാറ ജോയിയെ (77) ആണ് വള്ളിത്തോട് ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മഴവെള്ള പാച്ചിലിൽ കച്ചേരിക്കടവ് പഴയ പാലം തകർന്നു. കച്ചേരിക്കടവ് പഴയ പാലം തകർന്നുവെങ്കിലും പുതിയ പാലം കഴിഞ്ഞ മാസം തുറന്നതിനാൽ ഗതാഗത പ്രശ്നമുണ്ടാവില്ല. ഇന്ന് പുലർച്ചെ പാലം തകരും വരെ നൂറുകണക്കിന് പേർ വെള്ളം കാണാൻ പാലത്തിൽ ഉണ്ടായിരുന്നെങ്കിലും തകർച്ചാ സമയത്തു പാലത്തിൽ ആരുമില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
മാടത്തിൽ, കോളിക്കടവ്, ജബാർകടവ് , പയഞ്ചേരിമുക്ക് ,കോളിക്കടവ് ,പേരട്ട തുടങ്ങിയ ടൗണുകൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡും പരിസരത്തെ വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കൂട്ടുപുഴ, പേരാവൂർ, ഉളിക്കൽ, കീഴ്പ്പള്ളി , കരിക്കോട്ടക്കരി മേഖലയിലേക്ക് ബസുകൾക്കു മൂന്നാം ദിവസവും സർവീസ് നടത്തുന്നില്ല. മറ്റ് റൂട്ടിലും ബസ് സർവീസ് ഭാഗികമാണ്. വൈദ്യുതി ബന്ധം മൂന്ന് ദിവസം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. ഇതോടെ ജനം കടുത്ത ദുരിതത്തിലായി. ബാരാപോൾ പദ്ധതി പ്രദേശത്തെ ഇരുപതോളം വീടുകളിൽ വെള്ളം കയറി.
വെള്ളകെട്ടുകളിൽ പെട്ടവരെ കടലിന്റെ മക്കളും നാട്ടുകാരും ചേർന്ന് വീടുകളിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്.ഇരിട്ടി മേഖലയിൽ ഇടിമിന്നലും കനത്ത കാറ്റോടും കൂടിയ മഴ തുടരുകയാണ് .തുടർച്ചയായി ഉരുൾ പൊട്ടൽ നടക്കുന്നതിനാൽ പുഴകളിലെ വെള്ളം ഇറങ്ങാത്തതിനാൽ ടൗണുകളിലും റോഡുകളിലും മൂന്നുദിവസമായി വെള്ളം പുഴപോലെ ഒഴുകുകയാണ്. ഇതാണ് ഗതാഗതം തടസപ്പെട്ടു മേഖലയിലെ നൂറോളം ഗ്രാമങ്ങൾ ഒറ്റപ്പെടാൻ കാരണം .