കണ്ണൂർ: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകർക്ക് കോടതിയിൽനിന്നു കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള യാത്രയ്ക്കിടെ പോലീസിന്റെ ഒത്താശയോടെ മദ്യസത്കാരം നടത്തിയെന്ന വാർത്ത പുറത്തുവന്നതിനെ തുടർന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് കണ്ണൂരിലെത്തി.
ജയിൽ ഉപദേശകസമിതി യോഗത്തിന്റെ ഭാഗമായാണ് അദ്ദേഹം സെൻട്രൽ ജയിലിലെത്തിയതെങ്കിലും പ്രതികൾ മദ്യപിച്ചെത്തിയതുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് ഇന്നലെ രാവിലെ അദ്ദേഹം ജയിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഇക്കാര്യത്തിൽ ജയിൽ അധികൃതരുടെ ഭാഗത്ത് വീഴ്ചകളൊന്നും ഇല്ലെന്നാണ് സൂചന.
തലശേരിയിലെ ബിജെപി പ്രവർത്തകൻ കെ.വി. സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ വെള്ളിയാഴ്ച തലശേരി അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച തിരുവങ്ങാട് ഊരാംങ്കോട് സ്വദേശികളായ പുലപ്പാടി വീട്ടിൽ എം.അഖിലേഷ് (35), മാണിക്കോത്ത് വീട്ടിൽ എം. ലിജേഷ് (32), മുണ്ടോത്തുകണ്ടിയിൽ എം. കലേഷ് (36), വാഴയിൽ കെ. വിനീഷ് (25), പി.കെ. ഷൈജേസ് (28) എന്നിവരെ ജയിലിലേക്ക് കൊണ്ടുപോകും വഴി മദ്യസത്കാരം നടത്തിയെന്നായിരുന്നു ആരോപണം.
വെള്ളിയാഴ്ച വൈകുന്നേരം 6.45ന് പ്രതികളുമായി പോലീസ് ജയിലിലെത്തിയപ്പോൾ പ്രതികൾ മദ്യപിച്ചതായി കണ്ടതിനെ തുടർന്ന് വൈദ്യപരിശോധന നടത്താൻ നിർദേശിച്ച് മടക്കിയയ്ക്കുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധന നടത്തി രാത്രി വൈകിയാണ് ഇവരെ ജയിലിലെത്തിച്ചത്.
വൈദ്യപരിശോധന റിപ്പോർട്ടിൽ മദ്യപിച്ചതായി വ്യക്തമായിട്ടുണ്ട്. ഈ റിപ്പോർട്ട് ഋഷിരാജ് സിംഗ് പരിശോധിച്ചു. തലശേരിയിൽനിന്ന് 4.45ന് ഡിവൈഎസ്പിയുടെ സ്ട്രൈക്കിംഗ് ഫോഴ്സ് വാഹനത്തിലാണ് പ്രതികളുമായി പുറപ്പെട്ടത്. എ.എൻ. ഷംസീർ എംഎൽഎ ഉൾപ്പെടെ നൂറുകണക്കിനു സിപിഎമ്മുകാർ കോടതിയിലുണ്ടായിരുന്നു. ഇവരിൽ ചിലർ വാഹനങ്ങളിൽ പ്രതികൾക്ക് അകമ്പടി സേവിച്ചതായും ആരോപണമുണ്ട്.
എന്നാൽ വഴിമധ്യേ പോലീസ് മദ്യസത്കാരം നടത്തിയെന്ന വാർത്ത അസംബന്ധമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രതികളെ തങ്ങളുടെ കസ്റ്റഡിയിൽ കിട്ടുമ്പോൾതന്നെ അവർ മദ്യപിച്ചതായി പോലീസ് പറയുന്നു. വിധി പറയുന്നതിനുമുമ്പേ കോടതി കാന്റീനു സമീപം ചിലർ എത്തിച്ച മദ്യമാണ് പ്രതികൾ കഴിച്ചതെന്ന് പറയപ്പെടുന്നു .
കോടതി നിർദേശ പ്രകാരം പ്രതികളെ വൈദ്യ പരിശോധനയ്ക്കായി തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കോടതി തന്ന പെർഫോമയിൽ മദ്യപിച്ചതു സംബന്ധിച്ച് രേഖപ്പെടുത്താൻ കോളമില്ലാത്തതിനാൽ ഡോക്ടർ രേഖപ്പെടുത്തിയില്ല. ഇക്കാര്യം ഡോക്ടർ റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ചിലരുടെ ഭീഷണി കാരണം രേഖപ്പെടുത്തിയില്ലെന്നാണ് പോലീസ് പറയുന്നത്.
ആശുപത്രിയിൽനിന്നു ജയിലിലേക്കുള്ള വഴിമധ്യേ കീഴ്ത്തള്ളിയിലെ മലബാർ ഹോട്ടലിലാണ് പോലീസ് കയറിയത്. ഇവിടെനിന്ന് വാഹനത്തിൽ സുരക്ഷാ ചുമതലയ്ക്കു നിയോഗിക്കപ്പെട്ടിരുന്ന പോലീസുകാർ ഭക്ഷണം കഴിച്ചെങ്കിലും പ്രതികൾ വെള്ളം മാത്രമാണ് കുടിച്ചതെന്നും പോലീസ് പറയുന്നു.
ഇതുവരെ പോലീസിന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും കണ്ടെത്താനായിട്ടില്ലെന്നും വീഴ്ച ഉണ്ടായെങ്കിൽ നടപടി എടുക്കുമെന്നും ജില്ലാ പോലീസ് മേധാവി ടി.വി. സുഭാഷ് ദീപികയോട് പറഞ്ഞു.