സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂരിൽ റൂറൽ പോലീസ് പരിധിയിൽ നടത്തിയ പോലീസ് സ്ഥലംമാറ്റത്തിൽ ഇടത് അനുകൂല പോലീസ് സംഘടനയിൽ വ്യാപക പ്രതിഷേധം.
അസോസിയേഷനിൽ സജീവമായി പ്രവർത്തിക്കുന്നവരെയും മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിൽ സഹകരിച്ചവരെയും ആണ് വ്യാപകമായി സ്ഥലം മാറ്റിയിരിക്കുന്നത്.
ഗ്രേഡ് എസ്ഐ മുതൽ സീനിയർ സിവിൽ പോലീസ് ഓഫീസർ വരെയുള്ളവരുടെ സ്ഥലം മാറ്റ ഉത്തരവാണ് ഇറക്കിയിരിക്കുന്നത്.
ഇടതു അനുകൂല അസോസിയേഷനിൽ സജീവമായിട്ടുള്ള ചില പ്രവർത്തകരെ 52 കിലോമീറ്റർ ദൂരത്തേക്കുവരെ സ്ഥലം മാറ്റിയതായി ആക്ഷേപം ഉണ്ട്.
അസോസിയേഷൻ നേതാക്കൾക്കെതിരെ രൂക്ഷവിമർശനമാണ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സജീവമായിരിക്കുന്നത്.
എന്നാൽ, യുഡിഎഫ് അനുകൂല സംഘടനാ പ്രവർത്തകരെ തൊട്ടടുത്ത് തന്നെയാണ് സ്ഥലം മാറ്റിയിരിക്കുന്നതെന്നാണ് ഇടതു അസോസിയേഷന്റെ ആരോപണം.
73 ഗ്രേഡ് എസ്ഐമാരെയും 244 പുരുഷ സീനിയർ സിവിൽ പോലീസ് ഓഫീസർമാരെയും 64 വനിതാ പോലീസുകാരെയുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.