ഒരു കാര്യം ചെയ്താൽ അത് നല്ല രീതിയിൽ ചെയ്യണം. അല്ലെങ്കിൽ ചെയ്യാൻ നില്‍ക്കരുത്. പക്ഷെ, അങ്ങനെ തന്നെയേ ചെയ്യൂ എന്ന് വാശിപിടിക്കുന്നവരോട് ഒന്നും പറയാനില്ല. തളിപ്പറമ്പ് ദേശീയപാതയില്‍ അധികൃതർ നടത്തിയ ചില ലീലാവിലാസങ്ങളാണ് താഴെ പറയുന്നത്.
ദേശീയപാതയിൽ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച വിളക്കുകാലുകള്‍ നീക്കംചെയ്തുവെങ്കിലും അവശേഷിക്കുന്ന കോണ്‍ക്രീറ്റ് കുറ്റികള്‍ അപകടകുറ്റികളായി മാറിയിരിക്കുകയാണ്. ഇരുമ്പ് തൂണുകള്‍ അഴിച്ചുനീക്കിയെങ്കിലും കോണ്‍ക്രീറ്റ് ചെയ്ത കുറ്റികള്‍ ഇതേവരെ മാറ്റിയിട്ടില്ല. ഇതിന് മുകളില്‍ ഇരുമ്പ് കമ്പികളുമുണ്ട്.
ദേശീയപാതയില്‍ നൂറുകണക്കിനാളുകള്‍ ഇരുചക്രവാഹനങ്ങളിലും കാല്‍നടയായും സഞ്ചരിക്കുന്നതിന് സമീപത്തു തന്നെയാണ് റോട്ടറി ജംഗ്ഷന് മുതല്‍ ചിറവക്ക് വരെ ഇത്തരം തൂണുകളുള്ളത്. ഉയര്‍ന്നു നില്ക്കുന്ന കമ്പികള്‍ക്ക് മുകളില്‍ അപകടസൂചനകള്‍ നല്‍കാനായി പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും കയറ്റിവെച്ചിരിക്കയാണ് നാട്ടുകാര്‍.
മഴക്കാലം ആരംഭിച്ചതിനാല്‍ ഈ കോണ്‍ക്രീറ്റ് കുറ്റികള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അപകടം വരുത്തിയേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഈ അപകടകുറ്റികള് അടിയന്തിരമായി നീക്കംചെയ്യണന്ന് നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ സംഭവിക്കട്ടെ എന്നു വിചാരിക്കുന്നു.