സ്വന്തം ലേഖകൻ
കണ്ണൂര്: 1991 മുതൽ 2021 വരെ 30 വർഷം കണ്ണൂരിലെ ജയരാജത്രയങ്ങളിൽ ഒരാൾപോലുമില്ലാത്ത നിയമസഭ ഉണ്ടായിട്ടില്ല.
ഇ.പി. ജയരാജൻ, പി.ജയരാജൻ എന്നിവർ മൂന്നു തവണയും എം.വി.ജയരാജൻ രണ്ടു തവണയും നിയമസഭയിൽ എത്തിട്ടുണ്ട്.
ജയരാജൻമാരിൽ മുതിർന്ന ഇ.പി. ജയരാജൻ കേന്ദ്രകമ്മിറ്റിയംഗവും പിണറായി മന്ത്രിസഭയിൽ രണ്ടാമനുമാണ്.
പി.ജയരാജനാണെങ്കിൽ സംസ്ഥാന സമിതിയംഗവും കണ്ണൂർ ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു. എം.വി. ജയരാജൻ നിലവിൽ കണ്ണൂർ ജില്ലാസെക്രട്ടറിയാണ്.
1991 ലെ തെരഞ്ഞെടുപ്പിൽ അഴീക്കോടുനിന്ന് വിജയിച്ച് ഇ.പി. ജയരാജനാണ് ആദ്യമായി നിയമസഭയിൽ എത്തിയത്. 1996ൽ എം.വി. ജയരാജൻ എടക്കാടുനിന്ന് വിജയിച്ച് നിയമസഭയിലെത്തി.
2001 ൽ പി.ജയരാജനും എം.വി.ജയരാജനും ഒന്നിച്ച് നിയമസഭയിലെത്തി. പി.ജയരാജൻ കുത്തുപറന്പിൽനിന്നും എം.വി.ജയരാജൻ എടക്കാട് നിന്നുമാണ് മത്സരിച്ചത്.
എന്നാൽ കോടതി വിധിയെ തുടർന്ന് എംഎൽഎ സ്ഥാനം നഷ്ടമായ പി.ജയരാജൻ 2005-ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കൂത്തുപറമ്പിൽനിന്ന് വിജയിച്ചു. 2011ലും 2016ലും ഇ.പി. ജയരാജൻ മട്ടന്നൂരിൽ നിന്ന് വിജയിച്ചു.
രണ്ടുതവണ തുടർച്ചയായി മത്സരിച്ചവർ ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന പാർട്ടിനയമാണ് ഇ.പി. ജയരാജന് സീറ്റ് നഷ്ടപ്പെടാൻ കാരണം.
എന്നാൽ ഇ.പി. ജയരാജൻ മത്സരരംഗത്തുനിന്ന് മാറിനിന്നത് സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കാനാണെന്ന അഭ്യൂഹമുണ്ട്.
വടകര ലോക്സഭാ മണ്ഡലത്തിൽ പരാജയപ്പെട്ട പി. ജയരാജനെ ഇത്തവണ നിയമസഭയിലേക്ക് പരിഗണിക്കുന്നില്ല.
കോവിഡിനെ തുടർന്ന് ഗുരുതരാവസ്ഥയിൽനിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ എം.വി. ജയരാജന് വിശ്രമം അനിവാര്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
സ്ഥാനാർഥിയാക്കുന്നതിനെക്കുറിച്ച് നേരത്തെ പാർട്ടി ആലോചിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ജില്ലാ സെക്രട്ടറിയായി തുടരാനായിരിക്കും നിർദേശിക്കുക.