കണ്ണൂർ: ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ ചത്ത ആടിനെ തള്ളി. തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിന് മുന്നിലാണ് ഞായറാഴ്ച രാവിലെ പ്ലാസ്റ്റിക് ചാക്കിലാക്കിയ നിലയിൽ ആട്ടിൻകുട്ടിയുടെ ജഡം കണ്ടെത്തിയത്.
പൂജയ്ക്കെത്തിയ മേൽശാന്തി ക്ഷേത്രശ്രീകോവിലിനു മുന്നിലായി പ്ലാസ്റ്റിക് ബാഗിലാക്കിയ നിലയിൽ ചത്ത ആടിനെ കണ്ട ഉടനെ എക്സിക്യൂട്ടീവ് ഓഫീസർ ദേവസ്വം ഭരണസമിതിയേയും ക്ഷേത്രം തന്ത്രിയേയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ക്ഷേത്രം ഭരണസമിതി അംഗങ്ങളുടെ തീരുമാനപ്രകാരം ആടിനെ ഉടൻ മറവുചെയ്യുകയും പുണ്യാഹവും മറ്റ് ശുദ്ധക്രിയകളും പൂർത്തിയാക്കിയശേഷം ക്ഷേത്രനട തുറക്കുകയും ചെയ്തു.
പുലർച്ചെ ശബരിമലയിലേക്കു മാലയിടാൻ എത്തിയ നിരവധി ഭക്തജനങ്ങൾ ഈ സമയത്ത് ക്ഷേത്രത്തിലുണ്ടായിരുന്നു. അവരുടെ പ്രതിഷേധം അവഗണിച്ചാണ് ആടിനെ കുഴിച്ചുമൂടിയത്. വിവരം നാട്ടിൽ പരന്നതോടെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ ക്ഷേത്രത്തിലെത്തി. പ്രതിഷേധം രൂക്ഷമായതോടെ പ്രതിഷേധക്കാരുടെ വാദം അംഗീകരിച്ച പോലീസ് ആടിന്റെ ജഡം പുറത്തെടുക്കാനും പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചു.
വർഗീയ സംഘർഷം ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ചത്ത ആടിനെ ഇത് ക്ഷേത്രത്തിനകത്ത് വലിച്ചെറിഞ്ഞതാണെന്നാണു പോലീസ് നിഗമനം. സംഭവത്തിൽ മനഃപൂർവം ലഹള ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിനുള്ള വകുപ്പായ ഐപിസി 153 പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.