പയ്യന്നൂര്‍: കാലം മാറി അതിനൊപ്പം തട്ടിപ്പുകളും…സഹതാപം തോന്നി ഭക്ഷണവും ജോലിയും താമസ സൗകര്യങ്ങളും നല്കിയ ഹോട്ടല്‍ മാനേജര്‍ക്ക് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി.അവശത കാണിച്ചെത്തിയ ആളോട് സഹതാപം കാണിച്ച് വെട്ടിലായതിന്റെ വിഷമത്തിലാണിപ്പോള്‍ മാനേജര്‍. പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഹോട്ടലില്‍ ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം.
കൊല്ലം സ്വദേശിയാണെന്നും പേര് ഷെമീര്‍ ആണെന്നും ട്രെയിന്‍ യാത്രക്കിടയില്‍ പണവും രേഖകളുമടങ്ങുന്ന ബാഗ് മോഷണം പോയെന്നും പറഞ്ഞാണ് ഒരാഴ്ച മുമ്പ് ഇയാള്‍ ഹോട്ടല്‍ മാനേജരെ സമീപിച്ചത്.തിരിച്ചറിയല്‍ കാര്ഡുണ്ടോയെന്ന ചോദ്യത്തിന് അതും നഷ്ടപ്പെട്ട ബാഗിലായിരുന്നുവെന്നായിരുന്നു മറുപടി. സഹതാപം തോന്നിയ മാനേജര്‍ ആദ്യം ഭക്ഷണം നല്കി. പിന്നീട് ചില്ലറ ജോലികളും താമസ സൗകര്യവും നല്കി.
ദിവസങ്ങള്‍കൊണ്ട് പുതിയ ജോലിക്കാരന് മാനേജരുടെ വിശ്വാസം പിടിച്ചുപറ്റി.ഹോട്ടലിലേക്ക് സാധനങ്ങള്‍ വാങ്ങിയതിന്റെ 10000 രൂപ അടുത്തുള്ള പലവ്യഞ്ജനക്കടയില്‍ നല്‍കാനായി ഇന്നലെ രാവിലെ പത്തോടെയാണ് ഹോട്ടല്‍ മാനേജര്‍ ഇയാളെ ഏല്‍പ്പിച്ചത്.ചെറിയ മഴയുള്ളതിനാല്‍ കുടയും ചൂടി പുറത്തിറങ്ങിയ വിരുതനെ പിന്നീട് കണ്ടതേയില്ല.
ഒടുവില്‍ ഹോട്ടലുടമ വന്ന് നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഹോട്ടല്‍ മാനേജര്‍ നല്കിയ പണവുമായി റോഡിന് മറുവശത്തെ കടയിലേക്ക് പോകുന്നത് കണ്ടു.തുടര്‍ന്ന് വിരുതന് കടയില്‍ കയറാതെ കുടപോലുമില്ലാതെ പടിഞ്ഞാറ് ഭാഗത്തേക്ക് അതിവേഗം ഓടിപ്പോകുന്നത് കണ്ടപ്പോഴാണ് തന്റെ സഹതാപത്തിന് എട്ടിന്റെ പണിയാണ് കിട്ടിയതെന്ന് മാനേജര്‍ക്കും ബോധ്യമായത്. വിവരങ്ങള്‍ കാണിച്ച് പയ്യന്നൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.