കണ്ണൂര്: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ എൻജിൻ ലോക്കോ പൈലറ്റില്ലാതെ ഒരു കിലോമീറ്ററോളം ഓടി. ഇന്നലെ രാവിലെ 11.15 ഓടെയായിരുന്നു സംഭവം. ബംഗളൂരുവിൽനിന്ന് കണ്ണൂരിലെത്തിയ ട്രെയിനിന്റെ എൻജിനാണ് ലോക്കോ പൈലറ്റില്ലാതെ ഓടിയത്.
രാവിലെ പത്തോടെ സ്റ്റേഷനിലെത്തിയ ട്രെയിനിന്റെ കോച്ചുകളിൽനിന്ന് വേർപെടുത്തി നിർത്തിയിട്ടതായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നു തെക്കോട്ട് ഒരു കിലോമീറ്ററോളം നീങ്ങിയ എൻജിൻ ആനയിടുക്ക് റെയിൽവേ ഗേറ്റിനു സമീപം നിന്നതിനാലാണ് ദുരന്തം ഒഴിവായത്.
റെയിൽപ്പാളത്തിലുള്ള ചെറിയ ചെരിവിലൂടെ എൻജിൻ തെന്നിനീങ്ങിയെന്നാണ് കണ്ണൂർ റെയിൽവേ അധികൃതർ പറയുന്നത്. അതേസമയം എൻജിൻ നിർത്തിയിടുന്പോൾ പാലിക്കേണ്ട സുരക്ഷാസംവിധാനങ്ങളുടെ പാളിച്ചയാണ് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
എൻജിൻ നിർത്തിയിടുന്ന വേളയിൽ നിരങ്ങിനീങ്ങാതിരിക്കാൻ ചക്രങ്ങൾക്കു മുന്നിലും പിന്നിലും പ്രത്യേകരീതിയിൽ നിർമിച്ച മരക്കട്ടകൾ ഉറപ്പിച്ചുനിർത്തുകയും ചങ്ങലയിട്ട് പാളവുമായി ബന്ധിപ്പിക്കണമെന്നും സുരക്ഷാക്രമീകരണങ്ങളിൽ നിർദേശമുണ്ട്.
ഇതു പാലിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് എൻജിൻ നീങ്ങാൻ കാരണമെന്നും കരുതുന്നതായി റെയിൽവേയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് റെയിൽവേ പാലക്കാട് ഡിവിഷൻ അന്വേഷണം ആരംഭിച്ചു.