മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച അര കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി.
ഇന്നു പുലർച്ചെ ഒന്നോടെ ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വടകര പാറക്കടവ് സ്വദേശി ഫാസിലിൽ നിന്നാണ് 23 ലക്ഷത്തി 24000 രൂപ വിലമതിക്കുന്ന 463 ഗ്രാം തൂക്കം വരുന്ന സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലാക്കി മൂന്ന് ഗുളിക മാതൃകയിലുള്ള സ്വർണമാണ് പിടികൂടിയത്.
വിമാന യാത്രക്കാരുടെ ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.
പരിശോധനയിൽ കസ്റ്റംസ് അസി.കമ്മീഷണർ മധുസൂദനൻ ഭട്ട്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, യദു കൃഷ്ണ, കെ.വി.രാജു, സന്ദീപ് കുമാർ, സോനിത്ത് കുമാർ എന്നിവർ പങ്കെടുത്തു.