കണ്ണൂർ: കൊറോണ ഭീതിയയെ തുടർന്നു വിദേശികൾക്കു ഭക്ഷണം പോലും നിഷേധിച്ചെന്നു പരാതി. ഫ്രാൻസിൽ നിന്നെത്തിയ സലീനയും ഇറ്റലിയിൽ നിന്നെത്തിയ മൗറയുമാണു പയ്യന്നൂരിൽ പട്ടിണിമൂലം വലഞ്ഞത്.
ഇവരിൽ ഒരാൾ ജനുവരി 23-നും രണ്ടാമത്തെയാൾ മാർച്ച് മൂന്നിനുമാണ് ഇന്ത്യയിലെത്തിയത്. മുംബൈയിലും ഗോവയിലും മധുരയിലുമൊക്കെ യാത്ര ചെയ്ത് 11-ന് കണ്ണൂരിൽ എത്തിയ ഇവർക്കു ഹോട്ടലുകളിലും ലോഡ്ജുകളിലും മുറി കിട്ടിയില്ല.
ഞായറാഴ്ച ഉച്ചയ്ക്ക് പയ്യന്നൂരിൽ തീവണ്ടിയിറങ്ങിയ ഇവരുമായി യാത്ര ചെയ്യാൻ സ്റ്റേഷനിലുണ്ടായിരുന്ന ഓട്ടോറിക്ഷകളും മറ്റ് വാഹനങ്ങളും വിസമ്മതിച്ചു.
ഇതേത്തുടർന്നു കാൽനടയായി നഗരത്തിലെത്തിയ ഇവർക്കു ഭക്ഷണവും താമസ സൗകര്യങ്ങളും നൽകാനും ആരും തയാറായില്ല. ഇവർ പയ്യന്നൂരിലും പരിസരങ്ങളിലും ചുറ്റിത്തിരിയുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്.
ആദ്യം പയ്യന്നൂർ പോലീസ് സ്റ്റേഷനിലും തുടർന്ന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിലുമെത്തിച്ചു. മൂന്നു ദിവസമായി തങ്ങൾ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഇവർ ഡ്യൂട്ടി ഡോക്ടറോടു പറഞ്ഞു.
ഇതേതുടർന്ന് പോലീസും ആശുപത്രിയധികൃതരും ചേർന്ന് ഇവർക്കു പഴ വർഗങ്ങളും മറ്റും വാങ്ങി നൽകി. പിന്നീടാണ് ഇവരെ തലശേരി ആശുപത്രിയിലേക്കു മാറ്റിയത്. ഇരുവർക്കും രോഗലക്ഷണങ്ങൾ ഒന്നുമില്ല.
ജനുവരി മൂന്നിന് ഇന്ത്യയിലെത്തിയയാൾ ഒരുമാസത്തെ ഗോവയിലെ താമസത്തിനുശേഷം മധുരയിലെത്തുകയായിരുന്നു. അവിടെനിന്നുമാണു ഇരുവരും കണ്ടുമുട്ടിയതും ഒന്നിച്ചു യാത്ര തുടർന്നതും.