പരിയാരം: തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളെ തുടര്‍ന്നുള്ള അന്വേഷണം കള്ളനോട്ട്-കഞ്ചാവ് മാഫിയയിലേക്കെത്തിച്ച പോലീസ്, സംഘത്തലവനെന്ന് വിശേഷിപ്പിക്കുന്ന “ഗുരുജി’യെ കണ്ടെത്താനുള്ള ശ്രമത്തില്‍.
നിരോധിക്കപ്പെട്ട 500,1000 രൂപ നോട്ടുകള്‍ കമ്മീഷന് വ്യവസ്ഥയില്‍ ശേഖരിക്കുന്ന സംഘത്തിന്റെ അടിവേരുകള്‍ കണ്ടെത്താനുള്ള അന്വേഷണമാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്.
അതിനിടെ സംഘത്തിന്റെ തലവനെന്ന് വിശേഷിപ്പിക്കുന്ന ഗുരുജി ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് തിരിച്ചറിഞ്ഞതായി പരിയാരം പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി.ബാബു പറഞ്ഞു.
അറസ്റ്റിലായവരില്‍നിന്നും ഇയാളെപ്പറ്റി ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കള്ളനോട്ട് സംഘത്തിന്റെ അണിയറയില്‍ മറഞ്ഞിരിക്കുന്ന ഈ തലവനെ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല.
എങ്കിലും കേസന്വേഷണവുമായി മുന്നോട്ടു പോകുവാനുള്ള തീരുമാനത്തിലാണ് തളിപ്പറമ്പ് ഡിവൈഎസ്പി നേതൃത്വം നല്കുന്ന അന്വേഷണ സംഘമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തേണ്ട അന്വേഷണങ്ങള്‍ക്ക് അവിടത്തെ പോലീസുദ്യോഗസ്ഥരില്നിന്നും ആവശ്യമായ പിന്തുണ ലഭിക്കാറില്ല എന്നതാണ് കേരള പോലീസിനുള്ള അനുഭവം. അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതുതന്നെയാണ്. ഇക്കാര്യങ്ങളറിയാവുന്നതിനാലാണ് മാഫിയാ സംഘങ്ങള്‍ കേരളം തട്ടിപ്പുകേന്ദ്രമാക്കുന്നത്.
ഉത്തരേന്ത്യക്കാരെ തടവിലാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ വാദികളും പ്രതികളും കള്ളനോട്ട് മാഫിയയില്പെട്ടവരാണെന്ന സത്യം കണ്ടെത്തിയതിലൂടെ സാനിറ്റൈസര്‍ നിര്‍മാണത്തിന്റെ പേരില്‍ രക്ഷപ്പെടുവാനുള്ള സംഘത്തിന്റെ തന്ത്രങ്ങള്‍ വിദഗ്ദമായി പൊളിച്ചാണ് പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.
ഇനി അറസ്റ്റിലാകാനുള്ള പ്രതികളെല്ലാം ഒളിവിലാണ്. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.