കണ്ണൂർ: ഇതരസംസ്ഥാനങ്ങളിൽ നിന്ന് ചെക്ക്പോസ്റ്റുകൾ വഴി ബസിലും മറ്റ് വാഹനങ്ങളിലുമായി കണ്ണൂർ ജില്ലയിൽ എത്തുന്നവരെ നിശ്ചിതസ്ഥലങ്ങളിൽ മാത്രമേ ഇറക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടർ.
റെഡ് സോണുകളിൽ നിന്നുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ കണ്ണൂർ നഗരത്തിലിറങ്ങി കറങ്ങിനടക്കുന്നുവെന്ന് രാഷ്ട്രദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു,
ഇങ്ങനെ വരുന്നവർ ക്വാറന്റൈനിൽ പോകുന്നുവെന്ന് ഉറപ്പുവരുത്താനും പൊതുവാഹനങ്ങൾ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാനും ക്രമീകരണം വരുത്തി കളക്ടർ ടി.വി.സുഭാഷ് ഉത്തരവിട്ടു.
പുതിയ നിർദേശപ്രകാരം ചെക്ക് പോസ്റ്റുകൾ വഴി എത്തുന്നവരെ നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കുകയും അവിടെ നിന്ന് ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയുമാണ് ചെയ്യുക.
പയ്യന്നൂർ പെരുന്പ, തളിപ്പറന്പ് കാക്കത്തോട്, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് സമീപം, തലശേരി ട്രാഫിക് പോലീസ് സ്റ്റേഷന് സമീപം എന്നിവിടങ്ങളിലാണ് ആളുകളെ ഇറക്കേണ്ടത്. ഈ കേന്ദ്രങ്ങളിൽ നിന്ന് വാഹനസൗകര്യം സ്വന്തമായി ഏർപ്പാട് ചെയ്യേണ്ടതാണെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.