കണ്ണൂര്‍: ചികിത്സയ്ക്കിടെ മരിച്ച യുവതിയുടെ മരണത്തില്‍ സംശയമുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കബറിടം തുറന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു.
കണ്ണൂര്‍ സിറ്റിയിലാണ് സംഭവം. പള്ളിപറന്പിൽ സംസ്ക്കരിച്ച നീര്ച്ചാല് സ്വദേശി അലിയുടെ മകള്‍ താഹിറ (37)യുടെ മൃതദേഹമാണ് കബറിടം തുറന്ന് പുറത്തെടുത്തത്.
മാനസിക അസ്വാസ്ഥ്യത്തില്‍ ചികിത്സയിലിരിക്കെ കര്‍ണാടക സിദ്ധാപുരത്തെ ശിഫാ കേന്ദ്രത്തില്‍ വച്ച് ബുധനാഴ്ചയായിരുന്നു താഹിറ മരിച്ചത്.
തുടര്‍ന്നു യുവതിയുടെ ഭര്‍ത്താവ് ആംബുലന്‍സില്‍ മൃതദേഹം നാട്ടിലെത്തിച്ചശേഷം ബുധനാഴ്ച കണ്ണൂര്‍സിറ്റി ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കുകയായിരുന്നു.
മരണവിവരം ബന്ധുക്കളെ അറിയിച്ചില്ലെന്നും പോസ്റ്റുമോര്‍ട്ടം നടത്തുക പോലും ചെയ്യാതെ കബറടക്കുകയായിരുന്നെന്നും ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തുടര്‍ന്ന് തളിപ്പറന്പ് ആർഡിഒയുടെ നിർദേശ പ്രകാരം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ഇന്നലെ മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനിയച്ചത്.
യുവതിയുടെ തലയിൽ ആഴത്തിലുള്ള മുറിവ് മൃതദേഹ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇന്നുരാവിലെ കോവിഡ് പരിശോധനയ്ക്കു ശേഷമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത് . സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തു.