കാട്ടൂർ: കനോലി കനാലിന്റെ പഴയ സൗന്ദര്യം നഷ്ടപ്പെട്ട് കനാൽ ഇപ്പോൾ ഒരു നീർച്ചാൽ ആയി മാറി. ചെറുതോടുകളും ജലമാർഗങ്ങളും കോർത്തിണക്കി 1848 ൽ കനോലി സായിപ്പാണ് അറബിക്കടലിനു സമാന്തരമായി കനോലി കനാൽ നിർമിച്ചത്. കിഴക്കുനിന്നും പെയ്തിറങ്ങുന്ന വെള്ളം പ്രദേശത്തെ വെള്ളപ്പൊക്ക കെടുതി ഒഴിവാക്കി സംഭരിച്ച് കൃഷിക്കും, കുടിക്കാനും, ജലഗതാഗത്തിനു വേണ്ടിയും നിർമിച്ചതാണു ഈ കനാൽ. കോഴിക്കോടിനും കൊച്ചിക്കും ഇടയിലുള്ള വിശാലമായ ജലപ്പാതയായിരുന്നു ഈ കനാൽ.
ചേറ്റുവയിൽനിന്ന് കോട്ടപ്പുറം-അഴീക്കോട് ഭാഗത്തേക്കും തിരിച്ചുമുള്ള സഞ്ചാരപഥമായിരുന്നു കനാൽ. കനോലി കനാൽ അതിന്റെ പ്രതാപ കാലങ്ങൾ പിന്നിട്ട് ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. കുളച്ചണ്ടിയും പായലും അറവു മാലിന്യവും നിറഞ്ഞ്് കനാലിലെ നീരൊഴുക്ക് തന്നെ തടസപ്പെട്ടു.വറ്റ, കൊഞ്ച്, വാള, കൂരി, ചെമ്മീൻ, കാളാഞ്ചി തുടങ്ങി നാടൻ മത്സ്യങ്ങളുടെ കലവറയായിരുന്നു ഇവിടം. പാടങ്ങളിൽ ഉപയോഗിക്കുന്ന വീര്യം കൂടിയ കളനാശിനികൾ കനാലിലേക്ക് ഒഴുകിയെത്തിയതോടെ ജൈവ, മത്സ്യസന്പത്തിനു ചരമഗീതമായി.
ചേറ്റുവയിൽനിന്ന് കോട്ടപ്പുറം വരെ നീണ്ട കനാലിനു 50 മുതൽ 70 മീറ്റർ വരെ വീതിയുണ്ടായിരുന്ന കനാൽ കൈയേറ്റത്തിന്റെ പിടിയിലമർന്ന് ഇപ്പോൾ പലയിടത്തും 20 മീറ്ററിനു താഴെയായി. മാലിന്യനിക്ഷേപമാണു കനാലിനെ നശിപ്പിക്കുന്ന മറ്റൊരു പ്രശ്നം. കശാപ്പുശാലകളിൽനിന്നും ഹോട്ടലുകളിൽനിന്നും ഫാക്ടറികളിൽനിന്നുമുള്ള പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കനാലിന്റെ ഭാഗമായി. കാട്ടൂർ, എടത്തിരുത്തി, പടിയൂർ, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, എസ്എൻ പുരം തുടങ്ങിയ പഞ്ചായത്തുകൾ പുഴയുടെ കര പങ്കിടുന്നവയാണ്.
തദ്ദേശ സ്ഥാപനങ്ങളാണു കൈയേറ്റവും മാലിന്യംതള്ളലും തടയേണ്ടത്. എന്നാൽ, ഭരണസാരഥികളും രാഷ്ട്രീയക്കാരും പരിസ്ഥിതി പ്രവർത്തകരും കനാലിനെ കൈയൊഴിഞ്ഞതോടെ ഒഴുക്കുനിലച്ച അവസ്ഥയിലായി കാനാൽ.കനോലി കനാലിനെ രക്ഷിക്കാൻ ജലവിഭവവകുപ്പ് അടക്കമുള്ള അധികാരികൾക്കു നിരവധി തവണ പരാതികൾ നൽകുകയും സമരങ്ങൾ നടത്തുകയും ചെയ്തുവെങ്കിലും കൈയേറ്റങ്ങൾ തിരിച്ചുപിടിക്കാനോ മാലിന്യംതള്ളൽ നിയന്ത്രിക്കാനോ അനധികൃത മത്സ്യബന്ധനം തടയാനോ അധികൃതർ തയാറായിട്ടില്ല.
കനാൽ തീരപ്രദേശത്തെ അര കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ കിണറുകളിൽ വേനൽക്കാലത്ത് ഉപ്പുവെള്ളഭീഷണി ഉണ്ടായിരുന്നത് ഇപ്പോഴതു ഒരു കിലോമീറ്റർ ചുറ്റളവിലേക്കു വ്യാപിച്ചു. ദേശീയ ജലപ്പാത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തുടർനടപടിയുണ്ടായില്ല.