ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്നൗവില്‍നിന്നു 150 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തുന്ന ഗ്രാമമാണ് ബിക്രു. പ്രത്യേകിച്ച് എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നും ഇല്ലാത്ത ബിക്രു ഇന്നു വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന പ്രധാന സ്ഥലമാണ്.
എന്താണ് ബിക്രു എന്ന ഗ്രാമത്തിന്റെ ശ്രദ്ധാകേന്ദ്രം എന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരം മാത്രം – വികാസ് ദുബെ. ബിക്രുവിലെ വികാസ് ദുബെയുടെ ബംഗ്ലാവ് ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തിയതാണ് കഴിഞ്ഞ ദിവസത്തെ പ്രധാന സംഭവം.
അതിനും പിന്നോട്ടു സഞ്ചരിച്ചാല്‍ മറ്റൊരു സംഭവവും കൂടി അറിയാം. വികാസ് ദുബെയെ പിടികൂടാന്‍ ബിക്രുവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ പോലീസ് സംഘത്തിലെ എട്ട് പോലീസുകാരെ വികാസ് ദുബെയും കൂട്ടാളികളും ചേര്‍ന്നു വെടിവച്ചുകൊന്നു.
വികാസ് ദുബെ എന്ന ക്രിമിനലിന്റെ ജീവിതത്തിലെ നിര്‍ണായക ദിനങ്ങളാണ് തുടര്‍ന്ന് ഇന്നു വരെയുള്ള ദിവസങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
വികാസ് ദുബെ ഇപ്പോള്‍ ഒളിവിലാണ്. ഉത്തര്‍പ്രദേശ് പോലീസ് സേനയിലെ ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം ഇയാള്‍ക്കായി നാടെങ്ങും വലവീശിയിരിക്കുകയാണ്. ഇയാള്‍ മധ്യപ്രദേശിലേക്കോ രാജസ്ഥാനിലേക്കോ കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം തരുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, വികാസ് ദുബെയെ നേരിട്ടറിയാവുന്ന ഒരാളും ഒരു വിവരവും പോലീസിനു കൊടുക്കില്ല എന്നുറപ്പ്. കാരണം ആ ക്രിമിനല്‍ ജന്മത്തിന്റെ ചെയ്തികൾ അത്രത്തോളമുണ്ട്.
ആരാണ് വികാസ് ദുബെ
വര്‍ഷം 1986. റസൂലാബാദ് ഇന്റര്‍ കോളജില്‍ പെട്ടന്നാണ് ആ വാര്‍ത്ത പരന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യന്റെ ബാഗില്‍ നിന്നും ഒരു നാടന്‍ തോക്ക് പിടികൂടിയിരിക്കുന്നു.
അധ്യാപകരും മറ്റ് കുട്ടികളും എന്തുചെയ്യണമെന്നറിയാതെ മുഖത്തോടു മുഖം നോക്കി. അപ്പോഴൊക്കെ ഒരു കൂസലുമില്ലാതെ അവന് നിന്നു. അധ്യാപകര്‍ മാറിമാറി ചോദിച്ചിട്ടും അവന് ഒന്നും പറഞ്ഞില്ല. ഒടുവില്‍ പ്രധാനാധ്യാപകന് അവനെ ക്ലാസില്‍നിന്നു പുറത്താക്കി.
അല്പം പോലും കുറ്റബോധമില്ലാതെ അവന് നടന്നുനീങ്ങി. അവന് വളര്‍ന്ന് ഒരു ക്രിമിനല്‍ സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തി. അവന്റെ പേരാണ് വികാസ് ദുബെ. 1990 മുതല്ക്കാണ് വികാസ് ദുബെയുടെ ക്രിമിനല്‍ ജീവിതം ആരംഭിക്കുന്നത്.
2020ല്‍ എത്തിനില്ക്കുമ്പോള് 60 ക്രിമിനല്‍ കേസുകളാണ് ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്യാത്ത കേസ് ഇതിന്റെ പല മടങ്ങ് വരും.
രജിസ്റ്റർ ചെയ്തതിൽ ആറു കൊലക്കേസുകളും 11 വധശ്രമക്കേസുകളും ഉള്‍പ്പെടും. പല മുഖങ്ങളാണ് ഇയാള്‍ക്കു ക്രിമിനല്‍ ലോകത്തുള്ളത്. ചിലപ്പോള്‍ ഒരു കൊള്ളക്കാരന്, ചിലപ്പോള്‍ ഒരു കൊലപാതകി, മറ്റ് ചിലപ്പോള്‍ രാഷ്ട്രീയക്കാരന്, അല്ലെങ്കില്‍ അളവറ്റ ഭൂമി കൈക്കലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടയാള്‍.
ഇതില്‍ ഏതായാലും പക്ക ക്രിമിനല്‍ എന്ന മേലങ്കിയിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. തന്റെ ശത്രു എന്ന് ഒരുവനെ വികാസ് ദുബെ മുദ്രകുത്തിയാല്‍ പിന്നെ അവന്റെ മരണം നിശ്ചയമായിരിക്കും.
ആ കൊലപാതകം
വികാസ് ദുബെയുടെ ‘ധൈര്യ’ത്തെക്കുറിച്ചു പറയുമ്പോള്‍ 2001ലെ സന്തോഷ് ശുക്ല എന്ന രാഷ്ട്രീയക്കാരന്റെ കൊലപാതകമാണ് എന്നും ചിത്രത്തില്‍ തെളിയുക. സംസ്ഥാനത്തെ മന്ത്രിയുടെ തുല്യപദവി വഹിച്ചിരുന്ന ആളാണ് ബിജെപി നേതാവായിരുന്ന സന്തോഷ് ശുക്ല. കൊല്ലാന്‍ ലക്ഷ്യമിട്ടു കൊണ്ടാണ് അന്നു വികാസ് ദുബെ സന്തോഷ് ശുക്ലയുടെ വാഹനത്തെ പിന്തുടര്ന്നത്. രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്നോണമാണ് സന്തോഷ് ശുക്ല നേരെ ഷിവ്ലി പോലീസ് സ്റ്റേേഷനിലേക്ക് ഓടിക്കയറിയത്.
എന്നാല്‍, പോലീസ് സ്റ്റേഷൻ കണ്ടിട്ടൊന്നും ദുബെ തെല്ലും കൂസിയില്ല. പിന്നാലെയെത്തിയ വികാസ് ദുബെ സന്തോഷ് ശുക്ലയെ വെടിവച്ചു കൊലപ്പെടുത്തി. സ്റ്റേഷനിലെ പോലീസുകാര്‍ നോക്കി നില്‍ക്കേയാണ് വികാസ് ദുബെ കൃത്യം നടത്തിയത്. പോലീസ് സ്റ്റേഷനിൽ വച്ചു നടന്ന കൊലപാതകമായിട്ടു പോലും അയാളെ ഒരു ചുക്കം ചെയ്യാനായില്ല. വികാസ് ദുബെ പിടിയിലായെങ്കിലും കോടതി വെറുതെവിട്ടു. എല്ലാ സാക്ഷികളും കൂറുമാറി.
എല്ലാവരും ഇയാളുടെ കാല്‍ച്ചുവട്ടിലാണ്. ക്രിമിനല്‍ കേസില്‍ ഒരിക്കല്‍ പോലീസ് ഇയാളെ പിടിച്ചപ്പോള്‍ രണ്ട് എംഎല്‍എമാര്‍ ഇയാളെ വിട്ടുകിട്ടാന്‍ പോലീസ് സ്റ്റേഷനു പുറത്തു ധര്‍ണ നടത്തിയത് ഇയാളുടെ രാഷ്ട്രീയ ബന്ധത്തിന്റെ പ്രധാന തെളിവാണ്. ബിജെപി നേതാവായിരുന്ന ഹരികിഷന് ശ്രീവാസ്തവയുടെ ശിങ്കിടിയായിരുന്നു കുറെ കാലം. പിന്നീട് ഹരികിഷന് ശ്രീവാസ്തവ ബിഎസ്പിയിലേക്കു മാറിയപ്പോള്‍ വികാസ് ദുബെയും ബിഎസ്പിക്കാരനായി.
ക്രിമിനൽ കൊട്ടാരം
ക്രിമിനല്‍ സാമ്രാജ്യം പടുത്തുയര്‍ത്താന്‍ വികാസ് ദുബെ ആദ്യം ചെയ്തതു നാട്ടിലെ മറ്റ് ക്രിമിനലുകളെയും ഇതില്‍ താത്പര്യം ഉള്ളവരേയും തന്റെ കൂടെ നിര്‍ത്തുക എന്നതാണ്. പ്രത്യേകിച്ചു യുവാക്കളെ. ഇവര്‍ക്കു പാര്‍ക്കാന്‍ ബിക്രുവിലെ തന്റെ സ്ഥലത്ത് ഒരു കൊട്ടാരം പണിതു. ആ കൊട്ടാരത്തിന്റെ മുകള്‍ നിലയിലെ ഏതു വശത്തുനിന്നു നോക്കിയാലും 500 മീറ്റര്‍ ദൂരെയുള്ള കാഴ്ചകള്‍ കാണാം. അതിനാല്‍ തന്റെ കൊട്ടാരം ലക്ഷ്യമിട്ട് ആര് വന്നാലും വികാസ് ദുബെയ്ക്കു വിവരം ലഭിക്കും. കൊട്ടാരത്തില്‍ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ മുതലുള്ള ക്രിമിനലുകളെ വികാസ് ദുബെ തീറ്റിപ്പോറ്റിയിരുന്നു.
കൂടാതെ ആ ഗ്രാമം നിറയെ വികാസ് ദുബെയുടെ ചാരന്മാരാണ്. പ്രാദേശിക പോലീസ് സ്റ്റേഷനുകളിലെ പോലീസുകാര്‍വരെ എന്നും എല്ലാ വിവരങ്ങളും വികാസ് ദുബെയ്ക്കു കൈമാറിയിരുന്നു. അതിന്റെ ഒടുവിലെ ഉദാഹരണമാണ് ബിക്രുവിലെ ഇയാളുടെ വസതി റെയ്ഡ് ചെയ്യാനെത്തിയ എട്ട് പോലീസുകാരെ വെടിവച്ചു കൊന്ന സംഭവം. പോലീസ് സംഘം രഹസ്യമായി നടത്തിയ നീക്കം പ്രാദേശിക പോലീസ് സ്റ്റേഷനായ ചൗബേപൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ ചോര്‍ത്തുകയായിരുന്നു .
ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ വിനയ് തിവാരിയെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. വിനയ് തിവാരി അടക്കമുള്ള പോലീസുകാര്‍ വികാസ് ദുബെയെ നിരന്തരം ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തി. പോലീസ് റെയ്ഡിനെത്തുന്ന സമയത്ത് അവിടത്തെ വൈദ്യുത ബന്ധവും നിലച്ചു. പോലീസ് സ്റ്റേഷനിൽ നിന്നാണ് വൈദ്യൂത ഒാഫ് െചയ്യാനുള്ള നിർദേശവും എത്തിയത്. ഏതായാലും ഒന്നുറപ്പാണ് വെടിയേറ്റ് മരിച്ച എട്ടു പോലീസുകാരെയും ചതിച്ചത് സഹപ്രവർത്തകർ തന്നെയാണ്.
അവസാനം അടിതെറ്റി
പോലീസിനെയും രാഷ്ട്രീയക്കാരെയും കൈക്കുമ്പിളിലിട്ട് അമ്മാനമാടിയ വികാസ് ദുബെയ്ക്ക് അങ്ങനെ അവസാനം അടിതെറ്റി. എട്ട് പോലീസ് ഉദ്യോഗസ്ഥരെ നിഷ്കരുണം കൊന്നു തള്ളിയതോടെ ജില്ലാ ഭരണകൂടം ഉണർന്നു . അവര്‍ മണ്ണുമാന്തിയന്ത്രം അടക്കമുള്ള വന്‍ സന്നാഹവുമായി ബിക്രുവിലേക്കു കുതിച്ചു.
അതുവരെ ക്രിമിനലുകളുടെ സുരക്ഷിത താവളമായിരുന്ന ആ കോട്ടക്കൊത്തളം അവര്‍ ഇടിച്ചുനിരത്തി. രണ്ട് ആഡംബര കാറുകളും ട്രാക്ടറുകളും ബൈക്കുകളും മണ്ണുമാന്തിയന്ത്രത്തിന്റെ അടിയിലമര്‍ന്നു. എകെ 47 അടക്കമുള്ള തോക്കുകളും നിരവധി ആയുധങ്ങളും അവിടെനിന്നു പോലീസ് കണ്ടെത്തി. വികാസിന്റെ വീട്ടിൽ ബങ്കറുകൾ ഉണ്ടായിരുന്നത്രേ. ഇവിടെനിന്ന് രണ്ടു കിലോ സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.
വീടിനു ചുറ്റും സ്ഥാപിച്ചിരുന്ന 16 സിസിടിവി കാമറകൾ പോലീസ് കണ്ടെത്തി. പക്ഷേ, അവയുടെ ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല. പോലീസ് എത്തുന്നതിന് മുന്‍പുതന്നെ നാല്‍പ്പത്തിയെട്ടുകാരനായ ആ കൊടുംക്രിമിനല്‍ അവിടെനിന്നു രക്ഷപ്പെട്ടിരുന്നു. എന്തായാലും ഇത്തവണ പോലീസ് സംഘം അയാള്‍ക്കു പിന്നാലെതന്നെയുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ ഒരു ശുഭവാര്‍ത്ത നമ്മളെ തേടിയെത്തുമെന്നു കരുതാം.
തയാറാക്കിയത്: ഷിജു ചെറുതാഴം