കാണ്‍പുർ: കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് പ്രതികളുടെ ആക്രമണത്തിനിരയായി ആശുപത്രിയിൽ മരിച്ചു. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണു സംഭവം. നാൽപ്പതുകാരിയായ സ്ത്രീയാണു മരിച്ചത്.
2018-ലാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. ആബിദ്, മിന്റു, മെഹബൂബ്, ചന്ദ് ബാബു, ജമീൽ, ഫിറോസ് എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ അടുത്തിടെ ജാമ്യത്തിലിറങ്ങി. ഈ സംഘം കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെയും മാതാവിനെയും ആക്രമിക്കുകയായിരുന്നു.
വ്യാഴാഴ്ചയാണ് അക്രമിസംഘം വീട്ടിൽ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെയും കുടുംബത്തെയും ആക്രമിച്ചത്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘം വീട്ടിലെത്തിയത്. വിസമ്മതിച്ചപ്പോൾ കുടുംബത്തെ സംഘം മർദിച്ചു. ഇതേതുടർന്ന് കുടുംബാംഗങ്ങൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ അമ്മ കഴിഞ്ഞ ദിവസം മരിച്ചു.
മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചുവന്ന കുർത്ത ധരിച്ച സ്ത്രീയെ നിലത്തിട്ട് ചവിട്ടുന്നതും മർദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേർക്കായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു.