മഞ്ചേശ്വരം: കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയെ മൂന്നുദിവസമായിട്ടും കണ്ടെത്താനായില്ല. വിദ്യാര്‍ത്ഥിയുടെ കൈയിലെ മൊബൈലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കാളിയൂരിലെ അബൂബക്കറിന്റെ മകന് അബ്ദുറഹ്മാന് ഹാരിസിനെ സഹോദരിക്കൊപ്പം സ്കൂട്ടറില്‍ പോകുന്ന വഴിയാണ് കാറിലെത്തിയ സംഘം ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹോദരി മാത്രമാണ് സംഭവത്തിന്റെ ഏക ദൃക്സാക്ഷി.
സംഭവം നടന്ന് അല്പസമയത്തിനു ശേഷം ഹാരിസിനെ വിട്ടുകിട്ടാന്‍ മൂന്നു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ശബ്ദസന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു. ഇതിന്റെ റിക്കാര്‍ഡ് പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഹാരിസിന്റെ ബന്ധു ഉള്‍പ്പെട്ട പണമിടപാട് തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് സൂചനയുണ്ട്. പ്രദേശത്തെ ചില സ്വര്‍ണക്കടത്ത് സംഘങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന. അതേസമയം ഇത്തരം സാമ്പത്തിക ഇടപാടുകളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഹാരിസിന്റെ വീട്ടുകാര്‍ പറയുന്നു.
സംഭവം നടക്കുന്ന സമയം ഹാരിസും സഹോദരിയും മഞ്ചേശ്വരം ഭാഗത്തു നിന്ന് സ്കൂട്ടറില്‍ കര്‍ണാടകയിലെ ഉള്ളാള്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. കറുത്ത നിറത്തിലുള്ള കാറിലെത്തിയ സംഘം ഹാരിസിനെ വലിച്ചുകയറ്റിയ ശേഷം കേരള-കര്‍ണാടക അതിര്‍ത്തിയിലെ ആനക്കല്ല് ഭാഗത്തേക്കാണ് ഓടിച്ചുപോയതെന്നാണ് സഹോദരി നല്കിയ മൊഴി. സംഭവം നടന്ന കാളിയൂരും കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശമാണ്. സംഘം കര്‍ണാടകയിലേക്ക് കടന്നതായി സംശയിക്കുന്നതിനാല്‍ അന്വേഷണത്തിന് കര്‍ണാടക പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.