ജോണ്സണ് വേങ്ങത്തടം
കോട്ടയം: വിഘടിച്ചു നിൽക്കുന്ന ഐഎൻഎൽ എൽഡിഎഫിൽ നിന്നും പുറത്തേക്ക്.
എ.പി. അബ്ദുൾ വഹാബ് വിഭാഗവും കാസിം ഇരിക്കൂർ വിഭാഗവും വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടു പോകുന്നതാണു എൽഡിഎഫ് ഗൗരവമായി കാണുന്നത്.
ഇരുവിഭാഗവും ഒന്നിച്ചു നിന്നാൽ മാത്രമേ എൽഡിഎഫിൽ സാധ്യതയുള്ളൂ. കൂടാതെ മന്ത്രിസ്ഥാനവും തുലാസിലാണ്.
എൽഡിഎഫിലെ സിപിഎമ്മിനും സിപിഐയ്ക്കും വഹാബ് വിഭാഗത്തോടാണ് കൂടുതൽ താൽപര്യമെങ്കിലും ഒന്നിക്കാതെ ഇരുവരെയും എൽഡിഎഫിൽ പങ്കെടുപ്പിക്കില്ല.
ഇതിനിടയിൽ ഇവർക്കു മാനസിക പിന്തുണ നൽകുന്ന കാന്തപുരവും ഇരുകൂട്ടരെയും ഉപേക്ഷിച്ചു.
നിർദ്ദേശങ്ങൾ ഇരുവിഭാഗവും ലംഘിച്ചു
സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് ഇവർക്കു മാനസിക പിന്തുണ നല്കുന്ന കാന്തപുരം പ്രശ്നപരിഹാരത്തിനായി ഇടപെട്ടത്.
എന്നാൽ അനുരജ്ഞനത്തിന്റ യാതൊരുവിധ ലക്ഷണവും കാണിക്കാത്ത ഇരുവരെയും ഉപദേശിക്കാനില്ലെന്ന നിലപാടിലാണ് കാന്തപുരം.
ഒത്തുതീർപ്പു ചർച്ചകളിൽ പങ്കെടുത്തിരുന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്്ലിയാരുടെ മകൻ ഡോ. അബ്ദുൾ ഹക്കീം അസ്ഹരി ശ്രമം ഉപേക്ഷിച്ചു കഴിഞ്ഞു.
കാന്തപുരത്തിന്റെ ആഗ്രഹപ്രകാരം മാത്രമാണ് ഐഎൻഎല്ലിനെ എൽഡിഎഫിൽ എടുത്തിരുന്നത്.
എന്നാൽ ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമായി കാന്തപുരം മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ ഇരുവിഭാഗവും ലംഘിച്ചതോടെ ഐഎൻഎല്ലിനെ കാന്തപുരം ഉപേക്ഷിച്ചത്.
നഷ്ടം ഐഎൻഎല്ലിനു മാത്രം
പിളർപ്പിലൂടെ മുന്നോട്ടു പോകുന്പോൾ നഷ്ടം ഐഎൻഎല്ലിനു മാത്രമാണ്. ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളും ഐഎൻഎലിനു ലഭിക്കില്ല.
കഴിഞ്ഞ ദിവസം ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ചപ്പോൾ ഐഎൻഎൽ പ്രതിനിധിയെ ഒഴിവാക്കുകയും ചെയ്തു.
പിളർപ്പ് പൂർണമായതായി ബോധ്യപ്പെട്ടാൽ മുന്നണിയിൽ നിന്നു പുറത്താക്കുമെന്ന് മാത്രമല്ല, മന്ത്രിസ്ഥാനം തിരിച്ചെടുക്കപ്പെടുകയും ചെയ്യാനും സാധ്യതയുണ്ട്.
പാർട്ടി രൂപീകരിച്ച് കാൽ നൂറ്റാണ്ട് എൽഡിഎഫിനൊപ്പം നിന്നതിനുശേഷം ആയിരുന്നു ഇത്തവണ മുന്നണി പ്രവേശനം സാധ്യമായത്. ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചതെങ്കിലും ആദ്യടേമിൽ തന്നെ മന്ത്രിസ്ഥാനം നൽകാനും സിപിഎം തയാറായിരുന്നു.
ചർച്ച നടത്തുന്നവരെ അപമാനിക്കുന്നു
ഓഗസ്റ്റ് 25 വരെ തൽസ്ഥിതി നിലനിർത്തണം എന്നതായിരുന്നു കാന്തപുരം ഡോ. അബ്ദുൾ ഹക്കീം അസ്ഹരിയുടെ നിർദേശം. പരസ്പരമുള്ള പോർവിളികളോ, വിഭാഗീയമായ യോഗങ്ങളോ ചേരരുതെന്നുംപ്രത്യേകം നിർദ്ദേശിച്ചിരുന്നു.
എന്നാൽ ഇതു പരസ്യമായി ലംഘിക്കുന്ന നിലപാടായിരുന്നു കാസിം ഇരിക്കൂർ വിഭാഗം സ്വീകരിച്ചത്. പത്തനംതിട്ടയിൽ ഇവർ യോഗം ചേർന്നു എന്ന് മാത്രമല്ല, ആ യോഗത്തിൽ മന്ത്രിയായ അഹമ്മദ് ദേവർകോവിൽ പങ്കെടുക്കുകയും ചെയ്തു.
മധ്യസ്ഥ ചർച്ചകളെ പൂർണമായും തള്ളുന്നതിന് സമാനമായും ചർച്ച നടത്തുന്നവരെ അപമാനിക്കുന്ന തരത്തിലുള്ളതായുമാണ് ഈ നടപടിയെ വിലയിരുത്തുന്നത്.
പാർട്ടിയ്ക്ക് അനുകൂല സാഹചര്യമുള്ള ഒരു ഘട്ടത്തിൽ, അതിനെ പൂർണമായും നശിപ്പിക്കുന്ന നിലപാടെടുക്കുന്പോൾ അനുരഞ്ജനത്തിന് എന്ത് സാധ്യത എന്നാണ് മധ്യസ്ഥ ശ്രമത്തിനിടപ്പെട്ടവർ ചോദിക്കുന്നത്. ഇരുവിഭാഗവുംഒരുതരത്തിലും യോജിച്ചു പോകില്ലെന്ന നിലപാട് തുടരുകയാണ്.
ജൂലായ് 25 ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു ഐഎൻഎൽ പിളർപ്പിലേക്ക് നീങ്ങിയത്. തുടർന്ന് തെരുവ് സംഘർഷം വരെ അരങ്ങേറി.
ഒടുവിൽ എ.പി. അബ്ദുൾ വഹാബ് വിഭാഗവും കാസിം ഇരിക്കൂർ വിഭാഗവും നേതാക്കളെ പരസ്പരം പുറത്താക്കിയതായി പ്രഖ്യാപിച്ചു.
ദേശീയ നേതൃത്വം നിലകൊണ്ടത് കാസിം ഇരിക്കൂറിനൊപ്പമായിരുന്നു. ഇടതുമുന്നണിയിലെ ഘടകക്ഷി കൂടിയായ ഐഎൻഎലിലെ പിളർപ്പ് പാർട്ടിയ്ക്കുള്ളിൽ തന്നെ തീർക്കണമെന്ന നിർദ്ദേശമായിരുന്നു പിന്നീട് സിപിഎം മുന്നോട്ട് വച്ചത്.
മന്ത്രി സ്ഥാനം ലഭിച്ചതിന് പിറകെ പാർട്ടിയ്ക്കുള്ളിൽ അധികാരത്തിന്റെ പുതിയ അച്ചുതണ്ട് രൂപപ്പെട്ടു എന്നതാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആക്ഷേപം.