സിജോ പൈനാടത്ത്
കൊച്ചി: അരികുകളിലേക്കു മാറ്റിനിർത്തപ്പെട്ടവരുടെ ജീവിതം പറഞ്ഞതാണു മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ’കാന്തൻ, ദ ലവർ ഓഫ് കളറി’നെ വേറിട്ടതാക്കുന്നത്. വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയ വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെ ഊരുജീവിതവും നിലനില്പിനായുള്ള പോരാട്ടവുമൊക്കെ ഹൃദ്യമായി സിനിമയിൽ ആവിഷ്കരിച്ചിട്ടുണ്ട്.
നിറത്തിന്റെയും ശീലങ്ങളുടെയും ശുചിത്വബോധത്തിന്റെയുമൊക്കെ വൈവിധ്യങ്ങൾ മൂലം പൊതുസമൂഹം ദൂരങ്ങളിലേക്കു മാറ്റിനിർത്തപ്പെട്ടവരാണു സിനിമയിലെ കഥാപാത്രങ്ങൾ. ബാല്യത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കാന്തൻ എന്ന 10 വയസുകാരന്റെയും അവനെ തികഞ്ഞ മനുഷ്യനായി വളർത്തുന്ന ഇത്ത്യാമ്മ എന്ന അമ്മയുമാണു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ.
കറുപ്പിനോടുള്ള കാന്തന്റെ അപകർഷതയും മറ്റു നിറങ്ങളോടുള്ള അവന്റെ പ്രണയവും തിരിച്ചറിഞ്ഞ് പ്രകൃതിയോടു ലയിച്ചു ചേർന്ന് ജീവിക്കാനുള്ള ആത്മബോധം ഉണ്ടാക്കിക്കൊടുക്കുകയാണ് ഇത്ത്യാമ്മ. മനുഷ്യാവകാശ പ്രവർത്തക ദയാബായിയാണു ഇത്ത്യാമ്മയെ അനശ്വരമാക്കിയത്.
ആദിവാസി, ദളിത് വിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നിരന്തരം നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായാണു താൻ ഈ സിനിമയെ കാണുന്നതെന്നു ദയാബായി ഒരിക്കൽ പറഞ്ഞു. പ്രജിത്താണു കാന്തനായി അഭിനയിക്കുന്നത്. പുരോഗമനം അവകാശപ്പെടുന്പോഴും അടിച്ചമർത്തപ്പെടുന്നവരോടും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരോടുമുള്ള മനോഭാവങ്ങളിൽ ഇപ്പോഴും മാറ്റം വരാത്ത തലമുറയ്ക്കു നേരെ സിനിമ പ്രതിഷേധിക്കുന്നുണ്ട്.
അവഗണിക്കപ്പെടുന്നവരുടെ കൂടെ സംസാരിക്കാൻ, യാത്രചെയ്യാൻ, സഹവസിക്കാൻ മടികാട്ടുന്നവരെ സിനിമ വിമർശിക്കുന്നു. നിരവധി ഹ്രസ്വസിനിമകൾ സംവിധാനം ചെയ്ത ഷെറീഫ് ഈസയാണു ’കാന്തൻ, ദ ലവർ ഓഫ് കളർ’ സംവിധാനം ചെയ്തിട്ടുള്ളത്. പ്രമോദ് കൂവേരിയുടേതാണു തിരക്കഥയും സംഭാഷണവും. റോളിംഗ്പിക്സ് എന്റർടെയിനിന്റെ ബാനറിൽ സൗഹൃദ സിനിമാക്കൂട്ടമാണു സിനിമ നിർമിച്ചത്.
നെങ്ങറ കോളനിയിലെ അടിയ വിഭാഗത്തിൽപ്പെട്ടവരാണ് അഭിനേതാക്കളിൽ ഏറെപ്പേരും. കർഷക ആത്മഹത്യകൾ, കപട പരിസ്ഥിതിവാദങ്ങൾ, ദാരിദ്യ്രം, ആചാരങ്ങൾ, പ്രകൃതിയോടുള്ള ചൂഷണങ്ങൾ, വരൾച്ച, പ്രണയം, പ്രതിരോധം, നിലനില്പിന്റെ രാഷ്ട്രീയം തുടങ്ങിയ ജീവിതഘട്ടങ്ങളെല്ലാം സിനിമയിൽ ഇടം നേടുന്നുണ്ട്.
നിയതമായ ലിപികളില്ലാത്ത ആദിവാസികളുടെ ഭാഷയാണു സിനിമയിൽ ഉപയോഗിക്കുന്നത്. പരന്പരാഗതമായ ആദിവാസി വാദ്യോപകരണങ്ങൾ ഉപയോഗിച്ച് പശ്ചാത്തലസംഗീതം ഒരുക്കിയതും ഈ സിനിമയുടെ സവിശേഷതയായി.