കോഴിക്കോട്: സിപിഎമ്മിനോടൊപ്പം ചേര്‍ന്നു നില്ക്കുന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് സിപിഎമ്മുമായി അകലുന്നു. മെക് സെവന് വ്യായാമക്കൂട്ടായ്മയില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് വ്യായാമം ചെയ്യുന്നതിനെതിരേ കാന്തപുരം നടത്തിയ പരാമര്‍ത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നടത്തിയ പരാമര്‍ശമാണ് കാന്തപുരത്തെ ചൊടിപ്പിച്ചത്.
സിപിഎമ്മിന്റെ കണ്ണൂരിലെ പതിനെട്ട് ഏരിയാ സെക്രട്ടറിമാരില്‍ ഒരു സ്ത്രീയെപോലും കാണാനില്ലെന്ന് കാന്തപുരം തുറന്നടിച്ചു. ആലപ്പുഴയില്‍ സുന്നിസമ്മേളനത്തിലാണ് കാന്തപുരം എം.വി. ഗോവിന്ദനു മറുപടി നല്‍കിയത്. “മതനിയമങ്ങള്‍ പറയുമ്പോള്‍ പണ്ഡിതന്മാരുടെമേല് കുതിര കയറാന്‍ വരേണ്ടെന്ന് ഗോവിന്ദനോടു കാന്തപുരം പറഞ്ഞു. ഇസ് ലാമിന്റെ നിയമങ്ങള്‍ എന്താണ് വേണ്ടതെന്ന് പണ്ഡിതന്മാര് പറയും. മറ്റുള്ള മതക്കാര്‍ ഇസ് ലാമിന്റെ കാര്യത്തില്‍ അഭിപ്രായം പറയേണ്ട.
കഴിഞ്ഞ ദിവസം ഒരാള്‍ അഭിപ്രായം പറയുന്നതു കേട്ടു. ഞാന്‍ പത്രമെടുത്ത് നോക്കിയപ്പോള്‍ അയാള്‍ ജീവിക്കുന്ന ജില്ലയില്‍ അയാളുടെ പാര്‍ട്ടിയിലെ ഏരിയാ സെക്രട്ടറിമാരില്‍ പതിനെട്ടും പുരുഷന്മാരാണ്. ഒറ്റ പെണ്ണിനെയും അവര്‍ക്ക് കിട്ടീട്ടില്ല. എന്താണ് അവിടെ സ്ത്രീകളെ പരിഗണിക്കാതിരുന്നത്. ഞങ്ങള്‍ ഇസ് ലാമിന്റെ വിധി പറയുന്നത് മുസ്ലിങ്ങളോടാണ്. ഇസ് ലാമിന്റെ നിയമങ്ങള്‍ ആലീമിങ്ങള്‍ പറയും. മറ്റുള്ള മതക്കാര്‍ അതില്‍ കടന്നുവന്ന് കൂടീട്ട് ഇസ് ലാമിന്റെ വിധി, അതിവിടെ നടപ്പാകൂല’ എന്നുപറഞ്ഞാല്‍ അംഗീകരിക്കാനാവില്ല- കാന്തപുരം പറയുന്നു.
അന്യപുരുഷന്മാരുമായി ഇടകലര്‍ന്ന് സ്ത്രീകള്‍ വ്യായാമം ചെയ്യുന്നതിനെ കാന്തപുരം എതിര്‍ത്തിരുന്നു. ഇതിനെതിരേ രംഗത്തുവന്ന ഗോവിന്ദൻ, സ്ത്രീകള്‍ പൊതുഇടങ്ങളില്‍ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പന് നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും വിമർശിച്ചു. അത്തരക്കാര്‍ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകേണ്ടിവരുമെന്നും ഗോവിന്ദന് പറഞ്ഞു.
സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള എന്തു പദ്ധതി കൊണ്ടുവന്നാലും എതിര്‍ക്കുമെന്നാണ് കാന്തപുരത്തിന്റെ നിലപാട്. ഇടതുപക്ഷത്തിനൊപ്പം നിലക്കുന്ന കാന്തപുരം സിപിഎമ്മിനെ ഇത്ര രൂക്ഷമായി വിമര്‍ശിക്കുന്നത് നിലപാടു മാറ്റത്തിന്റെ സൂചനയാണെന്നു വിലയിരുത്തുന്നവരുണ്ട്. നേരത്തെ കാന്തപുരത്തിന്റെ സമ്മേളനങ്ങളില്‍ മുസ് ലിം ലീഗ് നേതാക്കള്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. അതിനിടെ തൃശൂരില്‍ നടന്ന സമ്മേളനത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തത് മാറ്റത്തിന്റെ സുചനയായിരുന്നു.
കാന്തപുരത്തിന്റെ കീഴിലുള്ള മര്‍ക്കസ് നോളജ് സിറ്റിയില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സന്ദര്‍ശനം നടത്തിയതും ശ്രദ്ധേയമായി. ലീഗിനോടുള്ള കാന്തപുരത്തിന്റെ നിലപാടില്‍ അയവു വന്നിട്ടുണ്ട്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കാന്തപുരത്തെ യുഡിഎഫ് പക്ഷത്തേക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.