ചാവക്കാട്: രാജ്യത്തെ ശിഥിലമാക്കുന്ന നയമാണ് കേന്ദ്ര സർക്കാരിന്റേതെന്നു കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഭരണകൂടത്തിന്റെ പ്രാഥമിക ദൗത്യം ജനങ്ങൾക്കു സംരക്ഷണം ഒരുക്കലാണ്.
ഭരണഘടന എല്ലാ പൗരന്മാർക്കും തുല്യനീതി വിഭാവനം ചെയ്യുന്പോൾ ചില മതവിഭാഗങ്ങളെ രണ്ടാംകിടക്കാരായി വേർതിരിക്കുന്നത് ശരിയല്ലെന്ന് കാന്തപുരം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നടത്തിയ ദേശരക്ഷ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ കലാപാഹ്വാനം നടത്തിയവരെ തുറങ്കിലടയ്ക്കണം. വർഗീയ കലാപങ്ങൾ ഇന്ത്യക്കു ശാപമാണെന്നും ഇത് വികസനത്തെ ബാധിക്കുമെന്നും മുസ്ലിയാർ ഓർമപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ഫസൽ തങ്ങൾ വാടാനപ്പള്ളി അധ്യക്ഷനായിരുന്നു.
സമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുൾ ഖാദർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻകുട്ടി, സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് എന്നിവർ പ്രസംഗിച്ചു.
സാന്ത്വനം സിറ്റി, ജീവകാരുണ്യപദ്ധതികൾക്കു 10 കോടി രൂപയുടെ പദ്ധതികളും കാന്തപുരം എ.പി. അബൂബക്കർ മുസ്ലി യാർ പ്രഖ്യാപിച്ചു.