മുക്കം: ഒറ്റ നോട്ടത്തിൽ കണ്ടാൽ നല്ല എരിവുള്ള കാന്താരിമുളക്. പക്ഷെ കഴിച്ചാൽ കഴിച്ചവർക്ക് അമളിപറ്റുമെന്നുറപ്പ്. കാന്താരിമുളക് എന്ന് കേൾക്കുമ്പോൾ നല്ല എരിവുണ്ടാവുമെന്നാണല്ലോ ധാരണ.
എന്നാൽ കാരശേരി പഞ്ചായത്തിലെ ആനയാംകുന്ന് പള്ളിക്കര ഷംസുവിന്റെ വീട്ടിലെത്തിയാൽ ആ ധാരണ മാറും.എരിവില്ലാത്ത കാന്താരിമുളകും കിട്ടും ഇവിടെ.
വീടിന്റെ അടുക്കള ഭാഗത്ത് താനെ മുളച്ച് ഉണ്ടായതാണ് എരിവില്ലാത്ത കാന്താരിമുളകെന്ന് ഷംസു പറയുന്നു. മൂപ്പെത്താത്തത് കൊണ്ടാണ് എരിവില്ലാത്തത് എന്നാണ് ആദ്യം വിചാരിച്ചത്.
എന്നാൽ മൂത്ത് പാകമായത് കഴിച്ചപ്പോഴും എരിവില്ലായിരുന്നു എന്നും ഷംസു പറയുന്നു. എരിവുള്ള കാന്താരിമുളകിന്റെ എല്ലാ രൂപവും മണവും തന്നെയാണ് ഈ മുളകിനും.
ഷംസുവിന്റെ പറമ്പിലുള്ള മറ്റ് കാന്താരി ചെടികളിലെ മുളകിന് സാധാരണ കാന്താരിയുടെ എരിവ് ഉണ്ട് എന്നതും കൗതുകകരമാണ്. ഈ അപൂർവ കാന്താരിമുളക് കാണാനും ഒന്ന് രുചിച്ച് നോക്കാനും നിരവധി പേരാണ് ഷംസുവിന്റെ വീട്ടിലെത്തുന്നത്.