പൊൻകുന്നം: ഒരു കാലത്ത് പുരയിടങ്ങളിലും വെളിന്പറന്പുകളിലും വേലിയുടെ ഇടകളിലും തനിയെ കിളിർത്തു വളർന്നിരുന്ന കാന്താരി ഇന്നു മാർക്കറ്റിലെ രാജാവാണ്. പച്ചക്കറി വിപണിയിലെ ഏറ്റവും ആവശ്യമേറിയ ഭക്ഷ്യവസ്തുവായി കാന്താരി മാറിക്കഴിഞ്ഞു.
തലയോലപ്പറന്പ്, കുറുപ്പന്തറ, പിറവം, പെരുവ പച്ചക്കറിച്ചന്തകളിലെല്ലാം വില കുതിച്ചു കയറിയിട്ടും കാന്താരിക്ക് ഡിമാൻഡ് ഏറെയാണ്. വിലയെത്രയാണെങ്കിലും വാങ്ങാനെത്തുന്നവർക്ക്കിട്ടാത്ത അവസ്ഥയാണ്. ഹൃദ്രോഗം, അൾസർ, പ്രമേഹം എന്നീ രോഗങ്ങൾക്ക് ഒറ്റമൂലിയായി കാന്താരി മുളക് ഉപയോഗിക്കുന്നവരും ഏറെയാണ്.
വിലയേറിയതോടെ നാട്ടിൻപുറങ്ങളിലെല്ലാം വീട്ടമ്മമാർ പരിസരങ്ങളിൽ കാന്താരി കൃഷി ആരംഭിച്ചിരിക്കുകയാണ്. പച്ച, വെള്ള, റോസ്, വൈലറ്റ് നിറത്തിലുള്ള കാന്താരികളുണ്ട്. ഇതിൽ പച്ചയ്ക്കും വെള്ളയ്ക്കുമാണ് ഡിമാൻഡ്. ബോൾ രൂപത്തിലുള്ള കാന്താരിയുമുണ്ട്. നാട്ടിൻപുറങ്ങളിൽ കുടുംബശ്രീകളുടെയും അയൽക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ അച്ചാർ വിൽപ്പന വ്യാപകമായതോടെ കാന്താരി കിട്ടാതായി.
കന്പനികളിൽ നിന്നും ഇറക്കുന്ന അച്ചാറുകളിൽ നിന്നും ഏറെ വേറിട്ടുനിർത്തുന്നത് ഗ്രാമീണ മേഖലകളിൽ വീട്ടമ്മമാർ ഉണ്ടാക്കുന്ന അച്ചാറുകളെയാണ്. എറണാകുളം ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് വൻകിട മാർക്കറ്റിംഗ് കന്പനികളാണ് ഗ്രാമീണ മേഖലകളിൽ നിന്നുള്ള അച്ചാറുകളെ തേടിയെത്തുന്നത്.
ഈ അച്ചാറുകളുടെ മുഖ്യചേരുവ കാന്താരിയാണ്. ചെറുനാരങ്ങ, വലിയ നാരങ്ങ, പാവയ്ക്ക, മാങ്ങ തുടങ്ങിയ അച്ചാറുകളിലെല്ലാം കാന്താരി അഭികാമ്യമാണ്. വർഷങ്ങൾക്കു മുന്പ് പറന്പുകളിലെ മറ്റു കാർഷിക വിളകൾക്ക് പ്രാണിശല്യം ഏൽക്കാതിരിക്കാനാണ് കാന്താരി മുളക് നട്ടുപിടിപ്പിച്ചിരുന്നത്.ഇപ്പോൾ കാലം മാറി.
പറന്പുകളിൽ എല്ലാ വിളകളുടേയും ഇടയിൽ അവശിഷ്ടമായി വസിച്ചിരുന്ന കാന്താരിച്ചെടികൾക്ക് രാജപദവി കൈവന്നിരിക്കുകയാണ്. മറ്റു പച്ചക്കറി കൃഷികൾക്കൊപ്പം കാന്താരിയും വ്യാപിപ്പിച്ചതോടെ പച്ചക്കറി മേഖലയിൽ കാന്താരി മുളകിന്റെ ഗ്രാഫ് ഇനിയും ഉയരുമെന്ന് ഉറപ്പാണ്.