ബിജു ഇത്തിത്തറ
കടുത്തുരുത്തി: കോട്ടയം ജില്ലയിലെ അതിമനോഹരമായ അക്വാ ടൂറിസം വില്ലേജാണ് കാന്താരിക്കടവ്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായുള്ള എഴുമാന്തുരുത്ത് മോഡല്‍ ടൂറിസം വില്ലേജ് പ്രോജ ക്ടിന്റെ ഭാഗമാണ് കാന്താരിക്കടവ് അക്വാടൂറിസം വില്ലേജ്.
കടുത്തുരുത്തിയില്‍ നിന്നു നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പ്രകൃതി ഏറ്റവും ഭംഗിയായി അണിയിച്ചൊരുക്കിയിരിക്കുന്ന മനോഹരതീരത്ത് എത്തിച്ചേരാം. കുടുംബവുമൊത്ത് ഒരു ദിവസത്തെ സന്തോഷകരമായ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കാന്താരി കടവ്.
പുഴയും നെല്പാടങ്ങളും തെങ്ങിന്‍തോപ്പുകളും ചേര്‍ന്നൊരുക്കുന്ന കാഴ്ചയുടെ വിസ്മയമാണ് കാന്താരി കടവ് അക്വാ ടൂറിസം വില്ലേജ്. പാടവരമ്പിലൂടെയുള്ള ഓഫ് റോഡ് സൈക്കിള്‍ യാത്രയ്ക്കുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സംരംഭമാണ് ഈ അക്വാടൂറിസം വില്ലേജ്. പ്രകൃതിസ്നേഹിയായ എബ്രഹാമാണ് അക്വാടൂറിസം വില്ലേജിന്റെ അമരക്കാരന്.
ശിക്കാര വള്ളത്തില്‍ തോണിയാത്ര
ബോട്ടിംഗാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. പെഡല്‍ ബോട്ടുകള്‍, ശിക്കാര, കുട്ടവഞ്ചി തുടങ്ങി വിവിധ തരത്തിലുള്ള ബോട്ടുകള്‍ സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു. പത്തു പേര്‍ക്ക് ഇരുന്നു സഞ്ചരിക്കാവുന്ന വിധത്തിലാണ് ഇവിടെ ശിക്കാര ബോട്ട് തയാറാക്കിയിരിക്കുന്നത്.
ഫ്ളോട്ടിംഗ് റസ്റ്ററന്റും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കാന്താരി കടവ് മുതല്‍ കൊതവറ സ്പില്‍വേ വരെയാണ് ശിക്കാര സര്‍വീസ്. 18 കിലോമീറ്റര്‍ നീളുന്ന യാത്രയില്‍ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളും നെല്പാടങ്ങളും ദേശാടനകിളികളെയും കാണാം.
മനയിലെ അതിഥിയാകാം
കാന്താരിക്കടവ് അക്വാ ടൂറിസം വില്ലേജിന്റെ മറ്റൊരു പ്രത്യേകതയാണ് ഉല്ലലയിലെ മാരാംവീട് മനയിലെ താമസം. പ്രകൃതിയുടെ കാഴ്ചകള്‍ ആസ്വദിച്ചു ഒരു ദിവസം താമസിക്കണമെങ്കില്‍ ഈ മന തെരഞ്ഞെടുക്കാം. പഴയകാല വാസ്തുവിദ്യയില്‍ പണിതിരിക്കുന്ന ഈ തറവാട്ടു വീട്ടിലെ താമസം മറക്കാനാവാത്ത അനുഭവമാണെന്നു അനുഭവസ്ഥര്‍ പറയുന്നു.
മീനുകളെ കണ്ടു നടക്കാം, വേണമെങ്കില്‍ പിടിച്ചു കഴിക്കാം
വിവിധതരത്തിലുള്ള മത്സ്യങ്ങളെ വളര്‍ത്തുന്ന ആധുനിക രീതിയിലുള്ള മത്സ്യക്കുളമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. കോട്ടയം ഫിഷ് ഫാര്‍മേഴ്സ് അസോസിയേഷന്റെ സഹായത്തോടെയാണ് 60 സെന്റില്‍ വ്യാപിച്ചുകിടക്കുന്ന ഈ മത്സ്യക്കുളം നിര്‍മിച്ചിരിക്കുന്നത്.
കുളത്തിനു മുകളിലായി സ്ഥാപിച്ചിരിക്കുന്ന നടപ്പാതയിലൂടെ നടന്ന് സന്ദര്‍ശകര്‍ക്ക് മീനുകളെ കാണാനും തീറ്റ നല്‍കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. മാത്രമല്ല ഇവിടെ നിന്ന് മീന്‍ ചൂണ്ടയിട്ടു പിടിച്ചു സ്വന്തം ഇഷ്ടത്തിനനുസരിച്ചു പാചകം ചെയ്തു കഴിക്കാനുള്ള സൗകര്യവും അക്വാ ടൂറിസം വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്.
കുളത്തിന് നടുവിലായി നിര്‍മിച്ചിരിക്കുന്ന ടവറില്‍ ചെറിയ ആഘോഷങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കുമുള്ള സൗകര്യവുമുണ്ട്.
പ്രകൃതിയുടെ നിത്യശാലീനത നുകരാം
ടൂറിസം വില്ലേജിന് സമീപത്തായി സംസ്ഥാന ജലവിഭവ വകുപ്പിന്റെ ഒരു മോട്ടോറും പ്രവര്‍ത്തിക്കുന്നുണ്ട്. പാടശേഖരങ്ങളില്‍ അധികം വരുന്ന വെള്ളം തോടുകളിലേക്ക് ഒഴുക്കിക്കളയുന്ന സംവിധാനമാണിത്.
ഇന്നത്തെ തലമുറയ്ക്കു ചിലപ്പോള്‍ ഈ കാഴ്ച പുതുമയുള്ളതായിരിക്കും. സഞ്ചാരികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ടൂറിസം വില്ലേജില്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
നെല്പാടങ്ങള് അതിരിടുന്ന ബണ്ട് റോഡിലൂടെ അല്പസമയം നടന്ന് പ്രകൃതിയുടെ ഭംഗിയും ആസ്വദിക്കാം. തെങ്ങിന്‍തോപ്പുകളും പച്ചവിരിച്ച പാടങ്ങളും പലവിധത്തിലുള്ള കിളികളുടെ കളകളാരവവും എല്ലാം ആസ്വദിച്ചു ഒരു ദിവസം കാന്താരികടവ് അക്വാ ടൂറിസം വില്ലേജില്‍ ചിലവഴിക്കാം.
കൂടുതല്‍ സഞ്ചാരികളെത്തുന്നു
കോവിഡ് പ്രതിസന്ധിയില്‍ സഞ്ചാരികളുടെ ഒഴുക്ക് നിലച്ചതാണ്. ഇളവുകള്‍ വന്നതോടെ കൂടുതല്‍പേര്‍ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനായെത്തുന്നുണ്ട്. കൂടുതല്‍ സഞ്ചാരികളെത്തുന്നത് പ്രതിസന്ധിയില്‍നിന്നും കരകയറാനുള്ള വഴിയൊരുക്കുമെന്നാണ് കരുതുന്നതെന്ന് അക്വാടൂറിസം വില്ലേജ് സംരംഭകന് അബ്രഹാം കുര്യന് പറയുന്നു.