കൊയിലാണ്ടി: വിവാഹ വീട്ടില്‍ സുഹൃത്തുക്കളുടെ റാഗിംഗ് അതിരുവിട്ടതോടെ വധുവും വരനും ആശുപത്രിയിലായി. കാവുംവട്ടത്ത് നടന്ന വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും കാന്താരി മുളക് അരച്ചുകലക്കിയ വെള്ളം നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചതാണ് വിനയായത്.
ഇതേ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇരുവരെയും വിവാഹവേഷത്തില്‍ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികില്‍സ നല്കി. കൊയിലാണ്ടി പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ വധുവിനും വരനും പരാതി ഇല്ലെന്ന് എഴുതി കൊടുത്തതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടില്ല.