കാടുകളില്‍ കാണുന്ന കയ്പില്ലാത്ത പാവയ്ക്കയായ കന്റോല കൃഷിയിടത്തിലും. മലയാളത്തില്‍ ഗന്റോലയെന്നും ഇതിനെ ചിലര്‍ വിളിക്കുന്നുണ്ട്. ഔഷധഗുണമേറെയുള്ള കന്റോലയെ ആലപ്പുഴ കളര്‍കോട് കണ്ണുവള്ളില്‍ സുരേഷ്‌കുമാറാണ് തന്റെ പുരയിടത്തിലെ പന്തലില്‍ കായ്പിച്ചത്. നാട്ടുവൈദ്യത്തില്‍ ഉള്‍പ്പെടുത്തി ആദിവാസി, ഗോത്രവര്‍ഗക്കാര്‍ ഉപയോഗിക്കുന്ന കന്റോലയെക്കുറിച്ച് നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. കാന്‍സര്‍ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നതാണ് പ്രധാന കണ്ടെത്തല്‍.
തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നതിനാല്‍ ബ്രെയിന്‍ ബൂസ്റ്റര്‍ എന്നുമറിയപ്പെടുന്നു. ഹോര്‍മോണ്‍ സന്തുലിതമാക്കുന്നതിനുള്ള ശേഷിയുണ്ട്. പ്രകൃതിദത്ത വേദന സംഹാരിയായും അറിയപ്പെടുന്നു. സ്വഭാവവ്യതിയാനങ്ങള്‍ തടയാനുള്ള കഴിവുള്ളതിനാല്‍ മൂഡ് സ്റ്റെബിലൈസര്‍ എന്ന വിശേഷണവും പല പഠനങ്ങളിലും കാണുന്നു. പൊതുവില്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ സന്തുലിതമാക്കാന്‍ കഴിവുള്ള നിരവധി ഘടകങ്ങള്‍ പ്രകൃതി കന്റോലയില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. അസംസ്‌കൃത മാംസ്യം, നാരുകള്‍, കൊഴുപ്പ് എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്.
ജീവകം എ, ബി-1, ബി-2, ബി-6, എച്ച്, കെ എന്നിവയുടെ കലവറയാണ് കന്റോല. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള പൊട്ടാസ്യം, സോഡിയം, കാത്സ്യം, സിങ്ക്, കോപ്പര്‍, മഗ്നീഷ്യം എന്നീ ധാതുക്കളും ധാരാളമടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡുകളായ ഒലറിക്,പാല്‍മിറ്റിക്ക്, ലിനോലിക്, മിരിസ്റ്റിക്, സ്‌റ്റെറിക് എന്നിവയുടെ സാന്നിധ്യം ഒരു ഔഷധഭക്ഷണമായി കന്റോലയെ മാറ്റുന്നു. ആന്റിഓക്‌സിഡന്റുകളാലും കാര്‍ബോ ഹൈഡ്രേറ്റുകളാലും സമ്പന്നം.
ഇന്‍സുലിന്‍ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള കന്റോലയുടെ ശേഷി രക്തത്തിലെ ഷുഗറിന്റെ അളവ് ക്രമീകരിക്കുന്നു. പ്രമേഹരോഗികള്‍ക്ക് കന്റോല രക്ഷകന്‍ തന്നെയാണ്. തൊലി ചുക്കിച്ചുളിഞ്ഞ് പ്രായമാകുന്ന അവസ്ഥയെ തടയുകയും ചര്‍മത്തിന് കാന്തി നല്‍കുകയും ചെയ്യും. കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നതിനും കഴിവുണ്ട്. അമിതമായ വിയര്‍പ്പ് നിയന്ത്രിക്കുകയും ചുമ, പനി എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യും. മുലയൂട്ടുന്ന അമ്മമാര്‍ ഇതു കഴിച്ചാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന ഛര്‍ദ്ദിയെ പ്രതിരോധിക്കാം. ധാരാളം ഫോട്ടോനൂട്രിയന്‍സ് അടങ്ങിയിട്ടുള്ള കലോറി ഏറ്റവും കുറഞ്ഞ ഭക്ഷണം കൂടിയാണ് കന്റോല. അമിതവണ്ണം കുറയ്ക്കാനും ഇത് സഹായിക്കും. 100 ഗ്രാം കന്റോല കറിയില്‍ 17 കലോറി ഊര്‍ജമേയുള്ളൂ എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ദഹനപ്രക്രിയയെ കാര്യക്ഷമമാക്കാനും കഴിവുണ്ട്.
മലയോരത്തെ തനതിനം
ആസാം, മേഘാലയ, വെസ്റ്റ് ബംഗാള്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെക്കേ ഇന്ത്യ, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ മലയോരമേഖലയില്‍ കണ്ടുവരുന്ന ഇനമാണ് കന്റോല. ആസാംകാക്‌റോള്‍, ടീസല്‍ഗോര്‍ഡ്, സ്‌പൈനി ഗോര്‍ഡ് തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെടുന്ന ഇതിനെ മലയാളത്തില്‍ ബെന്‍പാവലെന്നു വിളിക്കാറുണ്ട്. സംസ്‌കൃതത്തില്‍ കര്‍കോടകി (karko-taki) എന്നാണിതറിയപ്പെടുന്നത്. മൊമോര്‍ഡിക ഡയോയ്ക (Momor dica dioica) എന്നാണ് ശാസ്ത്രത്തിലെ വിളിപ്പേര്. തൃശൂരിലെ നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ആന്‍ഡ് ജനറ്റിക്ക് റിസോഴ്‌സസ് ആണ് ഇതിന്റെ വിത്ത് സുരേഷിനു നല്‍കിയത്.
കാട്ടില്‍ നിന്നു ശേഖരിച്ച് കൃഷി
കാട്ടില്‍ നിന്നു വിത്തു ശേഖരിച്ചാണ് കന്റോല പലയിടത്തും കൃഷി ചെയ്യുന്നത്. ഗ്രോബാഗിലും പുരയിടകൃഷിയിലും അനുയോജ്യം. ഈര്‍പ്പമുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്നതിനാല്‍ മഴക്കാല കൃഷിക്ക് അനുയോജ്യമായ വിളയാണിത്. വെള്ളക്കെട്ട് തീരെയിഷ്ടമില്ലാത്തതിനാല്‍ ചുവട്ടില്‍ കൂനകൂട്ടിയും ചാലുകീറിയും കൃഷിയിടത്തില്‍ നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം.
നടീല്‍ കാലം
മാര്‍ച്ച്- ഏപ്രില്‍ മാസത്തെ പുതുമഴ മുതല്‍ ഇടവപ്പാതി ശക്തമാകുന്നതുവരെയുള്ള രണ്ടുമാസം വിത്തിറക്കാന്‍ പറ്റിയ സമയമാണ്. ജലസേചന സൗകര്യങ്ങളുണ്ടെങ്കില്‍ ഒക്ടോബര്‍, ജനുവരി മാസങ്ങളിലും കന്റോല നടാവുന്നതാണ്.
നടീല്‍ വസ്തു
പാവലിന്റെ വിത്താണ് സാധാരണ നടീല്‍വസ്തുവായി ഉപയോഗിക്കുന്നത്. എന്നാല്‍ കന്റോലയുടെ വിത്തിന് ദീര്‍ഘസുഷുപ്തിയുണ്ട്. ഇതിനാല്‍ മുളയ്ക്കാന്‍ ആറ്- ഏഴ് മാസമെടുക്കും. തവാരണയില്‍ മുളപ്പിച്ചെടുത്ത തൈകളോ വേരുപിടിപ്പിച്ച വള്ളികളോ കിഴങ്ങുകളോ നടാന്‍ ഉപയോഗിക്കാം. പഴുത്തകായകളില്‍ നിന്ന് വിത്തു ശേഖരിച്ച് കഴുകി തണലില്‍ ഉണക്കി ആറ്- ഏഴ് മാസങ്ങള്‍ കഴിഞ്ഞേ പാകാന്‍ സാധിക്കൂ. മുന്‍വര്‍ഷങ്ങളിലെ ചെടിച്ചുവട്ടില്‍ നിന്നും മുളച്ചുവരുന്ന കിഴങ്ങുകളാണ് ഏറ്റവും അനുയോജ്യമായ നടീല്‍ വസ്തു. ഒരുവര്‍ഷത്തെ വിളവെടുപ്പിനു ശേഷം ചെടികള്‍ കരിയുമ്പോള്‍ ചുവടിനു മുകളില്‍ നിന്നു വെട്ടിയാല്‍ അവിടെ നിന്നു പുതുനാമ്പുകള്‍ വരും. ഇത്തരത്തില്‍ നട്ടെടുത്ത് എട്ടുവര്‍ഷം വരെ കൃഷി ചെയ്യാം. മണ്ണു കിളച്ചെടുക്കുന്ന കിഴങ്ങുകള്‍ അങ്ങനെ തന്നെയോ മുറിച്ച് കഷണങ്ങളാക്കിയോ നടാന്‍ ഉപയോഗിക്കാം.
പന്തല്‍ ഇടല്‍
പടര്‍ന്നു വളരുന്ന ചെടിയായതിനാല്‍ വളരുന്നമുറയ്ക്ക് പന്തല്‍ ഇട്ടുകൊടുക്കണം. ചരിച്ചോ മലര്‍ത്തിക്കെട്ടിയോ പന്തലിടാം. കോണ്‍ക്രീറ്റ് തൂണുപയോഗിച്ച് സ്ഥിരമായി പന്തല്‍ നിര്‍മിച്ചാലും നഷ്ടമില്ല.
പരാഗണം പ്രധാന പ്രശ്‌നം
ആണ്‍- പെണ്‍ ചെടികള്‍ പ്രത്യേകമുള്ളതിനാല്‍ പരാഗണത്തിന് ഇവ പ്രത്യേകം വളര്‍ത്തണം. കാടുകളില്‍ കാണുന്ന ചില നിശാശലഭങ്ങള്‍, കരിവണ്ടുകള്‍, ചിത്രശലഭങ്ങള്‍, തേനീച്ചകള്‍ എന്നിവയാണ് കന്റോലയില്‍ പരാഗണം നടത്തുന്നത്. എന്നാല്‍ നാട്ടിന്‍പുറങ്ങളില്‍ ഇത്തരം ഷഡ്പദങ്ങളുടെ അഭാവം പരാഗണത്തെ ദോഷകരമായി ബാധിക്കുന്നു. അതിനാല്‍ ആണ്‍പൂവ് കൈ കൊണ്ട് ഒടിച്ച് പെണ്‍പൂവില്‍ മുട്ടിച്ച് പരാഗണം നടത്തിയാണ് സുരേഷ്‌കുമാര്‍ കന്റോലയെ കായ്പിച്ചത്. ഒരു ആണ്‍പൂകൊണ്ട് 10 പെണ്‍പൂക്കളില്‍ പരാഗണം നടത്താം. ഉച്ചയ്ക്കുമുമ്പ് പരാഗണം നടത്തുന്നതാണ് നല്ലത്. കൃത്രിമപരാഗണം നടത്താനുള്ള സൗകര്യത്തിനായി പന്തലിന്റെ ഉയരം നെഞ്ചോളം ക്രമീകരിച്ചു വേണം തയാറാക്കാന്‍. അധികമുള്ള ആണ്‍പൂക്കള്‍ രാവിലെ ഇറുത്തെടുത്ത് ഈര്‍പ്പം കടക്കാതെ പ്ലാസ്റ്റിക് ജാറുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അടുത്ത ദിവസത്തെ പരാഗണത്തിനുപയോഗിക്കാം. 20 പെണ്‍ചെടിക്ക് ഒരു ആണ്‍ചെടി മതിയാകും. തുടര്‍ച്ചയായി പൂമ്പൊടി ലഭിക്കേണ്ടതിന് മൂന്നു മാസത്തെ ഇടവേളകളില്‍ ഒരു ആണ്‍ചെടിയെങ്കിലും വളര്‍ത്തിയെടുക്കണം.
വളപ്രയോഗം
മണ്ണിന്റെ വളക്കൂറു നോക്കി വേണം വളപ്രയോഗം നടത്താന്‍. പത്തുകിലോ ഉണക്കിപ്പൊടിച്ച പഴകിയ കാലിവളം വേണം അടിവളമായി നല്‍കാന്‍. 250 ഗ്രാം വേപ്പിന്‍പിണ്ണാക്ക് ഇതിനൊപ്പം ചേര്‍ത്താല്‍ നിമാവിരകളുടെ ശല്യം നിയന്ത്രിക്കാം. വള്ളിയായി പടരുന്നതോടെ ചുവട് വൃത്തിയാക്കി 250 ഗ്രാം വീതം കുതിര്‍ത്ത കടലപ്പിണ്ണാക്കും എല്ലുപൊടിയും ഇട്ടുകൊടുക്കുന്നത് വിളവര്‍ധനയ്ക്ക് നല്ലതാണ്.
കീട നിയന്ത്രണം
പാവലിനെ ബാധിക്കുന്ന ഏതാണ്ട് എല്ലാ കീടങ്ങളും രോഗങ്ങളും കന്റോലയേയും ബാധിക്കും. നിമാവിരകളുടെ ആക്രമണമാണ് കൂടുതലായി കാണുന്നത്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണസ് കലര്‍ത്തി നടീല്‍വസ്തു അതില്‍ മുക്കി തണലില്‍ ഉണക്കി നടാം. വേപ്പിന്‍ പിണ്ണാക്ക് തടങ്ങളില്‍ ഇട്ടുകൊടുക്കുന്നതും നിമവിരയെ തടയും.
വിപണി
സൂപ്പര്‍മാര്‍ക്കറ്റുകളിലുള്‍പ്പെടെ ഏറെപ്രിയമുള്ള ഒന്നാണ് കന്റോല. 16 കിലോ വരെ ഒരു ചുവട്ടില്‍ നിന്നു ലഭിക്കും. കിലോയ്ക്ക് 200 രൂപയ്ക്കാണ് വില്‍പന. കായ്ച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിളവെടുപ്പ് പ്രായമാകും. പച്ചകായ്കള്‍ മുറിച്ച് അരിഞ്ഞ് അതുവഴി കറിവയ്ക്കാം. സുരേഷ് കുമാര്‍ കര്‍ഷക വിപണിവഴിയാണ് ഇതെല്ലാം വില്‍ക്കുന്നത്.
പറവൂര്‍ പബ്ലിക് ലൈബ്രറിയുമായി ചേര്‍ന്ന് നടത്തുന്ന ഉഴവ് ജൈവകര്‍ഷക സംഘത്തിന്റെ പ്രസിഡന്റാണ് സുരേഷ്. എല്ലാ ശനിയാഴ്ചയും വൈകുന്നേരം അഞ്ചിനാണ് നാട്ടുചന്ത തുടങ്ങുക. ഉത്പന്നങ്ങള്‍ വിറ്റു തീരുന്നതുവരെ ചന്ത പ്രവര്‍ത്തിക്കും. 70 കര്‍ഷകര്‍ ഇതില്‍ അംഗങ്ങളാണ്. സാധാരണ വിപണിവിലയ്ക്ക് ജൈവ ഉത്പന്നങ്ങള്‍ നല്‍കുന്നതിനാല്‍ ചന്തതേടി ആളുകള്‍ വരുന്നുണ്ട്. ഉത്പന്നങ്ങള്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് അടുത്തയാഴ്ച വിപണിവല തന്നെ നല്‍കും.
ഗുണങ്ങള്‍
നാട്ടുവൈദ്യത്തില്‍ ഉള്‍പ്പെടുത്തി ആദിവാസി, ഗോത്രവര്‍ഗക്കാര്‍ ഉപയോഗിക്കുന്നതാണ് കന്റോല എന്ന കയ്പ്പില്ലാത്ത പാവല്‍. കാന്‍സര്‍ പ്രതിരോധിക്കും. തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നതിനാല്‍ ബ്രെയിന്‍ ബൂസ്റ്റര്‍ എന്നും അറിയപ്പെടുന്നു. ഹോര്‍മോണ്‍ സന്തുലിതമാക്കുന്നതിനു കഴിവുണ്ട പ്രകൃദിദത്തമായ വേദന സംഹാരിയായും ഉപയോഗിക്കുന്നു. മനുഷ്യന്റെ സ്വഭാവവ്യതിയാനങ്ങള്‍ തടയുന്നതിനാല്‍ മൂഡ് സ്റ്റെബിലൈസര്‍ എന്ന അപരനാമവും പല പഠനങ്ങളിലും കാണുന്നു. പൊതുവില്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാന്‍ കഴിവുള്ള നിരവധി ഘടകങ്ങള്‍ കന്റോലയില്‍ പ്രകൃതി കോര്‍ത്തിണക്കിയിട്ടുണ്ട്.
കന്റോലയില്‍ പ്രകൃതിയുടെ സെന്‍സര്‍
പ്രകൃതിയുടെ സെന്‍സര്‍ ടെക്‌നോളജി അറിയണമെങ്കില്‍ കന്റോലയില്‍ കൃത്രിമപരാഗണം നടത്തണം. കന്റോലയുടെ ആണ്‍പൂക്കള്‍ പറിച്ച് ഇവയുടെ പരാഗതന്തു വിരിഞ്ഞപെണ്‍പൂവിന്റെ ദളപുടത്തിലെ കേസരത്തില്‍ മുട്ടിച്ചാണ് സുരേഷ് പരാഗണം നടത്തിയത്. പരാഗണം നടന്നോ എന്നറിയാന്‍ സുരേഷിന്റെ നിരീക്ഷണത്തിലൂടെ കണ്ടെത്തിയ ഒരു കാര്യമുണ്ട്. ചെമ്പരത്തിപ്പൂപോലുള്ള പെണ്‍പൂവിന്റെ ഇതളുകള്‍ വെറുതേവലിച്ചാല്‍ അത്രവേഗം പറിഞ്ഞു പോകില്ല. എന്നാല്‍ ആണ്‍പൂവിന്റെ പരാഗം ദളപുടത്തില്‍ മുട്ടിയ ഉടനേ പെണ്‍പൂവിന്റെ ഇതളില്‍ ചെറുതായൊന്നു വലിച്ചാല്‍ ചുവട്ടില്‍ നിന്ന് അത് അടര്‍ന്നു പോരും. പരാഗണം നടക്കുന്നതിനു വേണ്ടിയാണല്ലോ പ്രകൃതി പെണ്‍പൂവിനെ ആകര്‍ഷകമാക്കുന്നത്. ലക്ഷ്യം സാധിച്ചുകഴിയുമ്പോള്‍ ഇതളുകള്‍ കൊഴിയുകയും ചെയ്യും.
ടോം ജോര്‍ജ്