പെരുമ്പടവ്: കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ മലയോര മേഖലയെ ബന്ധിപ്പിച്ച് കെഎസ്ആർടിസി മംഗളൂരു സർവീസ് ആരംഭിച്ചു. മലയോര മേഖലയിൽ കൂടി മംഗളൂരുവിലേക്ക് സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസിന് വിവിധ സ്ഥലങ്ങളിൽ നാട്ടുകാർ ഊഷ്മളമായ സ്വീകരണം നൽകി.
ചപ്പാരപ്പടവ്, എടക്കോം, തലവിൽ, പെരുമ്പടവ്, പച്ചാണി, തിമിരി, ചെറുപാറ എന്നിവിടങ്ങളിലാണ് വ്യാപാരികളുടെയും ജനപ്രതിനിധികളുടെയും സാമൂഹ്യ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയത്. ജയിംസ് മാത്യു എംഎൽഎ ഇടപെട്ടാണ് ദീർഘദൂര ബസ് സർവീസ് അനുവദിച്ചത്.
ചപ്പാരപ്പടവിൽ നടന്ന സ്വീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് എം.മൈമൂനത്ത് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.സത്യൻ അധ്യക്ഷത വഹിച്ചു. പെരുമ്പടവിൽ നടന്ന സ്വീകരണ യോഗം എരമം -കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യഭാമ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ കെ.പി.കുഞ്ഞികൃഷ്ണൻ, ജോസഫ് കോട്ടത്തറ, ടി.വി.അനീഷ്, മലയോര ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം.വി.രാജു എന്നിവർ പ്രസംഗിച്ചു. ജയിംസ് മാത്യു എംഎൽഎ,കെഎസ്ആർടിസി ഡയറക്ടർ ബോർഡ് മെമ്പർ ടി.കെ.രാജൻ എന്നിവരെ യോഗം അനുമോദിച്ചു.
കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് പുലർച്ചെ 5.40 ന് പുറപ്പെട്ട് 8.40 ന് ബസ് കണ്ണൂരെത്തും. തുടർന്ന് 9.20 തളിപ്പറമ്പ്,10 ന് പെരുമ്പടവ്, ചെറുപുഴ, ഭീമനടി, കാഞ്ഞങ്ങാട്, കാസർഗോഡ് വഴി വൈകുന്നേരം നാലിനാണ് ബസ് മംഗളൂരുവിൽ എത്തുക. ഈ മേഖലയിലൂടെയുള്ള ആദ്യ അന്തർ സംസ്ഥാന ബസ് സർവീസ് ആണിത്.