നഴ്സറിയിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഭാവിയിൽ ആരാകണം എന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് കയ്റ്റ്ലിൻ നീൽസൺ നിസംശയം ഉത്തരം പറഞ്ഞു: തനിക്ക് ഒരു മത്സ്യകന്യകയാകണം. അന്ന് കയ്റ്റ്ലിന്റെ ഉത്തരം കേട്ട് കൂട്ടുകാരെല്ലാം ചിരിച്ചു. എന്നാൽ, വർഷങ്ങൾക്കിപ്പുറം തന്റെ 32-ാം വയസിൽ മത്സ്യകന്യകയായി ജീവിക്കുകയാണ് കയ്റ്റ്ലിൽ.
പകുതി സമയം മനുഷ്യനായും പകുതി സമയം മത്സ്യമായും ജീവിക്കുന്ന ഒരു കൂട്ടം ആളുകൾ ഉൾപ്പെടുന്ന മെർ എന്ന സംഘടനയിൽ അംഗമാണ് അവർ. മത്സ്യകന്യകമാർക്കുവേണ്ടിയുള്ള വാലുകൾ സിലിക്കോൺ ഉപയോഗിച്ച് രൂപകല്പന ചെയ്യുകയാണ് ഈ സംഘടനയുടെ പ്രധാന പ്രവർത്തനം.
ഇങ്ങനെ നിർമിക്കുന്ന വാലുകൾ ധരിച്ച്, കഥകളിൽ കേട്ടിട്ടുള്ളതുപോലെയുള്ള മത്സ്യകന്യകയുടെ ചമയങ്ങളും അണിഞ്ഞ് സ്വിമ്മിംഗ് പൂളുകളിലും ബീച്ചുകളിലുമൊക്കെ നീന്തി നടക്കുകയാണ് ഇവരുടെ വിനോദം. വിദേശരാജ്യങ്ങളിൽ പല പ്രമുഖ പരിപാടികളിലും വെള്ളത്തിൽ നീന്തിക്കളിക്കുന്ന മത്സ്യകന്യകകൾ ഒരു പ്രധാന ആകർഷണമാണ്. മുപ്പതാമത്തെ വയസിൽ തന്റെ ജോലിപോലും ഉപേക്ഷിച്ച് ഒരു മുഴുവൻ സമയ മത്സ്യകന്യകയായി ജീവിക്കുകയാണ് കയ്റ്റ്ലിൻ ഇപ്പോൾ.
മറൈൻ ബയോളജിസ്റ്റുകളായ മാതാപിതാക്കൾ പറഞ്ഞുകൊടുത്ത കഥകളിൽനിന്നാണ് കയ്റ്റ്ലിൻ മത്സ്യകന്യകയുടെ കഥകൾ ആദ്യമായി കേട്ടത്. പിന്നീട് ഡിസ്നി പുറത്തിറക്കിയ ലിറ്റിൽ മെർമെയ്ഡ് എന്ന സിനിമകൂടി കണ്ടതോടെ അവൾ തന്റെ ലക്ഷ്യം മനസിൽ ഒന്നുകൂടെ ഉറപ്പിച്ചു. കോളജിൽ പഠിക്കുന്പോൾ സമാന ആഗ്രഹമുള്ള കൂട്ടുകാരെ പരിചയപ്പെട്ടത് അവളുടെ ജീവിതത്തിൽ വഴിത്തിരിവായി.
ഈ കൂട്ടുകാർ ചേർന്നാണ് മെർ എന്ന ഗ്രൂപ്പ് തുടങ്ങിയത്. പിന്നീട് കയ്റ്റ്ലിന്റെ സ്ഥലമായ സിയാറ്റിലിൽ തന്നെ ഇത്തരം നിരവധി രഹസ്യ മെർമെയ്ഡ് ക്ലബ്ബുകൾ ഉണ്ടെന്ന് മനസിലായി. ഇപ്പോൾ ഇവരെല്ലാവരും വർഷത്തിൽ ഒരിക്കൽ ഏതെങ്കിലും ജലാശയത്തിൽ ഒന്നിച്ചുചേരാറുണ്ട്.
മത്സ്യകന്യകമാരുടെ വാലുകൾ നിർമിക്കുകയാണ് മെർ എന്ന ഗ്രൂപ്പിലെ അംഗങ്ങളുടെ പ്രധാന ഹോബി. ഇത്തരത്തിൽ ഒരു വാലിന് 3,500 ഡോളർ വരെ വില ലഭിക്കുന്നു. സിലിക്കോണ് ഉപയോഗിച്ച് നിർമിക്കുന്ന ഈ വാലുകൾ ധരിച്ചാൽ എളുപ്പത്തിൽ വെള്ളത്തിൽ നീന്താനാകും. മത്സ്യകന്യകയുടെ വാൽ ധരിച്ചാൽ താൻ മറ്റൊരു ലോകത്ത് ചെല്ലുന്ന അനുഭവമാണുണ്ടാകുന്നതെന്ന് കയ്റ്റ്ലിൻ പറയുന്നു.
മത്സ്യകന്യകയുടെ വേഷം ധരിച്ച് പ്രദർശനങ്ങളിലും മറ്റും പങ്കെടുത്താണ് ഇക്കൂട്ടർ ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നത്. ആദ്യം എതിർത്തെങ്കിലും ഭർത്താവും മാതാപിതാക്കളും അടങ്ങുന്ന കുടുംബം ഇപ്പോൾ കയ്റ്റ്ലിന് എല്ലാ പിന്തുണയും നല്കുന്നുണ്ട്.