സ്വന്തം ലേഖകൻ
തൃശൂർ: പാലക്കാടിന്റെ തനത് നാടൻ കലയായ കണ്യാർകളി തൃശൂരിൽ കാണാം. ഈ വരുന്ന ഞായറാഴ്്ച വൈകീട്ട് 6.30ന് പാറമേക്കാവ് ക്ഷേത്രത്തിനടുത്തുള്ള പുഷ്പാഞ്ജലി ഹാൾ ഓപ്പണ് ഓഡിറ്റോറിയത്തിലാണ് കണ്യാർകളി അവതരണം. പൂരപ്രേമി സംഘം എന്ന ആസ്വാദക സംഘടനയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് കണ്യാർകളി തൃശൂരിൽ സംഘടിപ്പിക്കുന്നത്.പാലക്കാട് കാക്കയൂർ കേളി കണ്യാർകളി സംഘമാണ് തൃശൂരിന്റെ ഹൃദയഭൂമികയിൽ കണ്യാർകളിത്താളമുണർത്താനെത്തുന്നത്.
പാലക്കാട് ജില്ലയിൽ പ്രത്യേകിച്ച് കിഴക്കൻ പാലക്കാടിൽ (ആലത്തൂർ ചിറ്റൂർ താലൂക്കുകളിലായി കിടക്കുന്ന ഏകദേശം 30 ഓളം ദേശങ്ങൾ) നടക്കുന്ന അനുഷ്ഠാന കലയാണ് കണ്യാർകളി. ദേശത്തിലെ മുഖ്യ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഈ കലാരൂപം കാവ് മുറ്റങ്ങളിലും “മന്ദു’ കളിലുമാണ് നടക്കുക. ഉത്തരായന കാലത്തിന്റെ മധ്യത്തിൽ അതായത് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കുന്ന ഈ കലാരൂപം അടിസ്ഥാന പരമായി കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടുള്ളതാണ്.
കണ്യാർകളിയെന്നാൽ…
മൂന്നും നാലും ദിവസങ്ങളിലായി രാത്രി മുഴുനീളെ പകലും വരെ നടത്തുന്ന കണ്യാർകളി നാടൻ ശീലിലുള്ള പാട്ടുകളാലും അഭ്യാസ തികവുള്ള ചുവടുകളാലും നാട്ടുതാളങ്ങളുടെ വ്യത്യസ്തമായ അനുഭൂതികളാലും സന്പന്നമാണ്.
വട്ടക്കളി എന്ന അനുഷ്ഠന പ്രധാനമായ ഭാഗവും പൊറാട്ട് എന്ന ആസ്വാദന പ്രധാനമായ ഭാഗവുമാണ് ഇതിന്റെ ഘടന.
കളിവിളക്കിനും വാളും ചിലന്പിനും സാക്ഷിയായി ആണ് കളി അവതരണം. വട്ടക്കളി, ആണ്ടിക്കൂത്ത,് വള്ളോൻ മലമ എന്നിങ്ങനെ പ്രധാനമായും മൂന്നു വിഭാഗങ്ങളാണ്.. ഓരോ ദിവസവും ഓരോ വിഭാഗത്തിലുള്ള വട്ടക്കളി ആദ്യം പന്തലിൽ വരുകയും ശേഷം പൊറാട്ടുകൾ ഓരോരോന്നായി അരങ്ങിലെത്തുകയും ചെയ്യും. വട്ടക്കളി ഭക്തി പ്രധാനമാണ്.
പൊറാട്ടുകൾ സമൂഹത്തിലെ നാനാ വിഭാഗങ്ങളുടെ ജീവിതങ്ങളെ അവതരിപ്പിക്കുന്നു. പ്രധാനമായും കീഴാള വിഭാഗങ്ങളെയാണ് പൊറാട്ടുകളിലൂടെ അവതരിപ്പിക്കുന്നത്. ഒറ്റ പൊറാട്ട്, കൂട്ട പൊറാട്ട്, പെണ് പൊറാട്ട് എന്നിങ്ങനെ മൂന്നുവിഭാഗങ്ങൾ പൊറാട്ടുകളിൽ ഉണ്ട്. അവയെ തന്നെ കരി പൊറാട്ട്, രാജാപ്പാർട്ട് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. തമിഴ് സാഹിത്യത്തിന് കണ്യാർകളിയിൽ വലിയ പ്രാധാന്യമുണ്ട്. സ്ത്രീ വേഷങ്ങൾ എല്ലാം തന്നെ പുരുഷന്മാർ കെട്ടിയാടുന്ന സന്പ്രദായമാണ് കണ്യാർകളിയുടേത്.