തൃശൂർ: കന്യാസ്ത്രി സമരം സർക്കാരിനേയും സിപിഎമ്മിനേയും വിമർശിക്കുന്ന സ്ഥിരം മൊബൈൽ സമരവേദിക്കാരാണു കൈയടക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അഴീക്കോടൻ രാഘവൻ ദിനത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സദുദ്ദേശ്യമെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് അവർ സമരത്തിൽ നുഴഞ്ഞുകയറിയത്.
കീഴാറ്റൂർ വയൽക്കിളി സമരം, കൊച്ചി സിഎൻജി പൈപ്പ് ലൈൻ സമരം, ദേശീയപാതാ സമരങ്ങൾ തുടങ്ങിയവയുടെ സംഘാടകരാണ് കന്യാസ്ത്രീ സമരത്തിന്റേയും പിറകിലുണ്ടായിരുന്നതെന്നു കോടിയേരി പറഞ്ഞു. കേന്ദ്രസർക്കാരിന് കേരളത്തിനോട് നിഷേധാത്മക നിലപാടാണുള്ളത്. ഇന്ധനവില വർധനയിലൂടെ ആർഎസ്എസിന് ഫണ്ട് ഉണ്ടാക്കാൻ വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
വർക്ക് ചെയ്യാത്ത ഒരു പ്രസിഡന്റും, വർക്ക് ചെയ്യാൻ മൂന്ന് പ്രസിഡന്റുമാരുമായി കേരളത്തിലെ കെപിസിസി മാറി. ഭീഷണിപ്പെടുത്തുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകുന്ന ഗതികേടിലായി. പാർലമെന്റ് തെരഞ്ഞെടുപ്പ് എത്തുന്നതോടെ വർക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടും. വർക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂട്ടിയതു കൊണ്ട് കോണ്ഗ്രസ് രക്ഷപ്പെടില്ലെന്നും കോടിയേരി പറഞ്ഞു. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അധ്യക്ഷനായി.
മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രഫ. സി. രവീന്ദ്രനാഥ്, കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോണ്, മേയർ അജിത ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ.ആർ. ബാലൻ, പി.കെ. ബിജു, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, നടൻ ജയരാജ് വാര്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, എംഎൽഎമാരായ മുരളി പെരുന്നെല്ലി, ബി.ഡി. ദേവസി, കെ.വി. അബ്ദുൾഖാദർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി. ജോസഫ്, പി.കെ. ഷാജൻ, മുൻ മേയർ ആർ. ബിന്ദു, കെ.വി. നഫീസ, സേവ്യർ ചിറ്റിലപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.
അഴീക്കോടൻ കുത്തേറ്റ് വീണ ചെട്ടിയങ്ങാടിയിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. വൈകീട്ട് കോർപറേഷൻ പരിസരത്തു നിന്ന് തൃശൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, റെഡ് വോളന്റിയർ മാർച്ചും ഉണ്ടായിരുന്നു.