കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങളെ ന്യായീകരിച്ച് കളക്ടർ എസ്. അസ്കർ അലി. തീരുമാനങ്ങൾ ദ്വീപ് നിവാസികളുടെ ഭാവിക്കുവേണ്ടിയാണെന്ന് കളക്ടർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഒഴിപ്പിച്ചത് അനധികൃത കൈയേറ്റങ്ങളാണ്.
മറിച്ചുള്ള പ്രചരണം നടത്തുന്നത് സ്ഥാപിത താൽപര്യക്കാരാണ്. ദ്വീപിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയാനാണ് ഗുണ്ടാനിയമം നടപ്പാക്കിയത്. ബീഫ് നിരോധിച്ചത് ലഭ്യതക്കുറവുകൊണ്ടാണെന്ന വിചിത്ര വിശദീകരണവും അദ്ദേഹം നൽകി.
രണ്ട് കുട്ടിൾ ഉള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നത് തെറ്റായ പ്രചാരണമാണ്. യാത്രാ വിലക്കിൽ ഇളവ് നൽകിയത് നാട്ടുകാരുടെ ആവശ്യം പരിഗണിച്ചായിരുന്നു. വ്യാജകാമ്പയിൻ നടക്കുന്നത് ദ്വീപിനു പുറത്തെന്നും കളക്ടർ ആരോപിച്ചു.
ലക്ഷദ്വീപിൽ മികച്ച ആരോഗ്യസംവിധാനങ്ങൾ ഉറപ്പാക്കും. ആരോഗ്യമേഖലയിൽ സ്വയംപര്യാപ്തമാകും. അഗത്തിയിലും കവരത്തിയിലും മിനിക്കോയിയിലും പുതിയ ആശുപത്രികൾ നിർമിക്കും.
അഗത്തി വിമാനത്താവളം നവീകരിക്കും. കടൽഭിത്തി നിർമാണക്കരാർ ഒരുമാസത്തിനകം ഉണ്ടാകും. മികച്ച നിലവാരമുള്ള ഇന്റർനെറ്റ് ഉറപ്പാക്കാനുള്ള പദ്ധതി പൂർത്തിയാക്കും.