കോട്ടയം: ജില്ലയിലെ കെഎപി അഞ്ചാം ബറ്റാലിയനിൽപ്പെട്ട 50 പോലീസുകാരെ പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തുടർച്ചയായി 14 ദിവസം ഡ്യൂട്ടിക്കു നിയോഗിച്ചതായി പരാതി.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പോലീസുകാർക്കു ഡ്യൂട്ടി നല്കിയിരിക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശമനുസരിച്ചു പോലീസുകാർക്കു ഏഴു ദിവസം ഡ്യൂട്ടിയും തുടർന്നു വിശ്രമവുമാണ്.
എന്നാൽ ഈ നിർദേശം മറികടന്ന് കോട്ടയം ജില്ലയിലെ കെഎപി അഞ്ചാം ബറ്റാലിയനിൽപ്പെട്ട പോലീസുകാർക്കു ഏഴു ദിവസത്തെ ഡ്യൂട്ടിക്കുശേഷം വിശ്രമം നല്കാതെയാണ് വീണ്ടും ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്്.
കഴിഞ്ഞ 19ന് കെഎപി അഞ്ചാം ബറ്റാലിയനിൽ നിന്നും 50 പോലീസുകാർ പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ എത്തുകയും അവിടെ നിന്നും മലയാലപ്പുഴ, റാന്നി, തിരുവല്ല, കീഴ്വായ്പ്പൂർ, പന്തളം, അടൂർ എന്നീ സ്ഥലങ്ങളിൽ ഡ്യൂട്ടി ചെയ്യുകയും ചെയ്തു.
കൃത്യമായ ഭക്ഷണമോ, വെള്ളമോ, വിശ്രമിക്കുന്നതിനുള്ള വൃത്തിയായ സ്ഥലമോ ഇല്ലാതെ തുടച്ചയായ ഏഴു ദിവസത്തെ ഡ്യൂട്ടിക്കുശേഷം 25ന് ബറ്റാലിയനിലേക്ക് തിരികെ മടങ്ങി. തുടർന്ന് ഇവർ ക്വാറന്ൈറനിൽ കഴിയണം.
തിരികെ എത്തിയ പോലീസുകാരെ വീടുകളിൽ എത്തുന്നതിനു മുന്പു തന്നെ ഇവരെ വീണ്ടും ഡ്യൂട്ടി ചെയ്യാൻ വിളിച്ചു. ആവശ്യമായ വിശ്രമമോ, ഉപയോഗിച്ച വസ്ത്രങ്ങൾ കഴുകുന്നതിനോ പോലും സമയം നൽകാതെ പോലീസുകാരെ ദ്രോഹിക്കുന്ന നടപടിയാണ്
കെഎപി അഞ്ചാം ബറ്റാലിയനിലെ പോലീസുകാരുടെ ഡ്യൂട്ടി ക്രമീകരണം നടത്തുന്ന ഓഫീസറും, അദേഹത്തിന്റെ സ്റ്റാഫും ചെയ്യുന്നതെന്നും പോലീസുകാർ പരാതിപ്പെടുന്നു. ഇത്തരത്തിൽ തുടർച്ചയായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതുമൂലം നിരവധി പോലീസുകാരുടെ കുടുംബം ബുദ്ധിമുട്ടിലായിരിക്കുകയാണ്്.
പലരുടെയും വീടിരിക്കുന്ന പ്രദേശം രോഗബാധിത മേഖലയായതിനാൽ വീട്ടിലെ പ്രായമായവരും, കുട്ടികളും പല ആവശ്യങ്ങൾക്കായി പുറത്തിറങ്ങാൻ നിർബന്ധിതരാവുകയാണ്.
മുന്നൂറോളം പോലീസുകാർ കെഎപി അഞ്ചാം ബറ്റാലിയന്റെ കീഴിലുള്ള വിവിധ ക്യാന്പുകളിൽ ഉണ്ടായിട്ടും അവരെ ഡ്യൂട്ടിക്ക് നിയോഗിക്കാതെ ഏഴു ദിവസം ഡ്യൂട്ടി ചെയ്ത് മടങ്ങുന്നവരെ തന്നെ വീണ്ടും ഡ്യൂട്ടിക്കു നിയോഗിക്കുന്ന നടപടിയിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.