ഹരുണി സുരേഷ്
വൈപ്പിൻ: മാസങ്ങൾക്കു മുന്പ് മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ തീരത്ത് ഇതര സംസ്ഥാനക്കാരനായ ഒരച്ഛന്റെ തീരാത്ത കാത്തിരിപ്പ്. കഴിഞ്ഞ ആറിനു പുലർച്ചെ ചേറ്റുവ തീരത്തുവച്ച് കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായ പശ്ചിമബംഗാൾ ഗണേഷ്പൂർ സ്വദേശി വിപിൻദാസി(20)ന്റെ പിതാവ് സുനിൽദാസാണ് മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ 39 ദിനങ്ങളായി മുനന്പം ഹാർബറിൽ കാത്തിരിപ്പു തുടരുന്നത്.
നാട്ടിൽ വിപിൻദാസിനെ കാത്തിരിക്കുന്ന മാതാവ് നബൂളിനോടും സുനിൽദാസ് പറഞ്ഞിരിക്കുന്നത് നമ്മുടെ മകൻ തിരിച്ചെത്തുമെന്ന് തന്നെയാണ്. ദുഖത്തെ അകറ്റി ആത്മവിശ്വാസം വിരിയുന്ന പുഞ്ചിരിയുമായി ഈ വയോധികന്റെ കാത്തിരിപ്പു കാണുന്പോൾ മറ്റുള്ളവർക്ക് അതിശയമാണ്.
അതുകൊണ്ടുതന്നെ ഇനി ഈ കാത്തിരിപ്പിന് അർഥമില്ലെന്നു പറഞ്ഞു സുനിൽദാസിനെ പിന്തിരിപ്പിക്കാന്നു ആർക്കുമാകുന്നില്ല. മകനെയും കൂട്ടിയല്ലാതെ നാട്ടിൽ ചെന്നാൽ കുടുംബത്തോട് എന്തുപറയുമെന്ന ചിന്തയും ഇടക്കിടെ ഇയാളെ അലട്ടുന്നുണ്ട്.
കാണാതായ വിപിൻദാസിന്റെ മുനന്പത്തുള്ള സുഹൃത്തുക്കളാണ് അപകടവിവരം വീട്ടിൽ വിളിച്ചറിയിച്ചത്. ഉടൻ പശ്ചിമബംഗാളിൽനിന്ന് പുറപ്പെട്ട പിതാവ് സുനിൽദാസ് കഴിഞ്ഞമാസം എട്ടിനാണ് മുനന്പത്തെത്തുന്നത്. മത്സ്യതൊഴിലാളിയായ സുനിൽദാസിന്റെ നാലുമക്കളിൽ ഏറ്റവും മൂത്തയാളാണ് വിപിൻദാസ്.
രണ്ടുപേർ പെണ്കുട്ടികളാണ്. മറ്റൊരാൾ മാനസിക വൈകല്യമുള്ളതിനാൽ പണിക്കൊന്നും പോകുന്നില്ല. കുടുംബത്തിലെ ദാരിദ്യ്രംമൂലം രണ്ടുവർഷം മുന്പ് തൊഴിൽതേടി മുനന്പത്തെത്തിയ ത്. പണിയെടുത്ത് പണമെല്ലാം വീട്ടിലേക്ക് അയച്ചുതുടങ്ങിയതോടെ ആ ദരിദ്രകുടുംബം രക്ഷപ്പെട്ടുവരുന്നതിനിടയിലാണ് അപകടമുണ്ടായത്.
അപകടത്തിൽ രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു. അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. വിപിൻദാസ് ഉൾപ്പെടെ ഏഴുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായവർ എല്ലാംതകർന്ന് മുങ്ങിപ്പോയ ബോട്ടിനുള്ളിൽ പെട്ടുപോയിരിക്കാമെന്നാണ് കരുതുന്നത്.