ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ രംഗത്തെത്തി.
കോണ്‍ഗ്രസിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രസക്തിയില്ലാതെ ആയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റു സംസ്ഥാനങ്ങളിൽനടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ദയനീയ പ്രകടനം കാഴ്ചവച്ച പശ്ചാത്തലത്തിലാണ് കപിൽ സിബലിന്റെ പ്രതികരണം വന്നിരിക്കുന്നത്.
ആത്മപരിശോധന നടത്താൻ തയാറാവുന്നില്ല
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിലും വിവിധ ഉപതെരഞ്ഞെടുപ്പുകളിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കോൺഗ്രസിന് സാധിച്ചില്ല. നേതൃത്വം ഇതില്‍ ആത്മ പരിശോധന നടത്താന്‍ തയാറാവുന്നില്ല.
ഞങ്ങളില്‍ ചിലര്‍ കോണ്‍ഗ്രസിനെ മുന്നോട്ടു നയിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നു പറയുന്നു. ഞങ്ങള്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കാന്‍ തയ്യാറാവുന്നതിന് പകരം നേതൃത്വം ഞങ്ങളില്‍ നിന്ന് പിന്തിരിഞ്ഞു നില്‍ക്കുകയാണ്.
അതിന്റെ ഫലം ഇതാ ഇപ്പോള്‍ എല്ലാവര്ക്കും കാണാന്‍ കഴിയുന്നുണ്ട്. ബിഹാറിലെ മാത്രമല്ല, മുഴുവന്‍ രാജ്യത്തെ ജനങ്ങളും കോണ്‍ഗ്രസിന് ഒരു രാഷ്ട്രീയ ബദലാവാന്‍ കഴിയില്ലെന്ന് തെളിയിച്ചു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അത് കാണിച്ചു തന്നു- അദ്ദേഹം പറയുന്നു.
ബിജെപിക്ക് ബദലാവാൻ സാധിക്കുന്നില്ല
ഒരു ഫലപ്രദമായ ബദലായി മാറാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല എന്നത് വലിയൊരു മോശം കാര്യമാണ്. കുറേ കാലത്തേക്ക് ബിഹാറില്‍ ഞങ്ങള്‍ക്ക് ഒരു ബദലാവാന്‍ സാധിച്ചില്ല. 25 വര്‍ഷത്തിലേറെയായി ഉത്തര്‍പ്രദേശില്‍ ഒരു രാഷ്ട്രീയ ബദലാവാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. ഇവ രണ്ടും രണ്ട് വലിയ സംസ്ഥാനങ്ങളാണ്.
ഗുജറാത്തില്‍ പോലും ബദൽ അല്ല. എല്ലാ ലോക്സഭാ സീറ്റുകളിലും ഞങ്ങള്‍ പരാജയപ്പെട്ടു. അടുത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും അതേ പരാജയം നേരിട്ടു.
അതായത് ഗുജറാത്തിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരു ബദലായി തോന്നുന്നില്ല എന്നല്ലേ അതില്‍ നിന്നും മനസിലാക്കേണ്ടത്. മധ്യപ്രദേശില്‍ 28 സീറ്റുകളില്‍ മത്സരിച്ചതില്‍ എട്ടു സീറ്റുകളില്‍ മാത്രമാണ് ഞങ്ങള്‍ക്ക് വിജയിക്കാനായത്- കപില്‍ സിബല്‍ ചൂണ്ടിക്കാട്ടുന്നു.
എവിടെയാണ് പിഴച്ചതെന്ന് ഞങ്ങൾക്ക് അറിയാം
ആത്മ പരിശോധന നടത്തേണ്ട സമയമൊക്കെ കഴിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഞങ്ങള്‍ ആത്മപരിശോധന നടത്തുമെന്ന് ഒരു വര്‍ക്കിംഗ് കമ്മിറ്റി അംഗം പറഞ്ഞു.
കഴിഞ്ഞ ആറു വര്‍ഷമായി പാര്‍ട്ടി ആത്മ പരിശോധന നടത്തുന്ന നിലപാട് പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല, പിന്നെ ഇപ്പോള്‍ അങ്ങനെ ഒന്നു പ്രതീക്ഷിക്കുന്നതില്‍ എന്തര്‍ത്ഥം. കോണ്‍ഗ്രസിന് എവിടെയാണ് പിഴച്ചതെന്ന് ഞങ്ങൾക്കറിയാം.
അതിന്റെ ഉത്തരം ഞങ്ങളുടെ എല്ലാവരുടെയും പക്കലുമുണ്ട്. കോണ്‍ഗ്രസിന്റെ അടുത്തുമുണ്ട്. എന്നാല്‍ അവരത് തിരിച്ചറിയാന്‍ തയ്യാറാവുന്നില്ല. കോണ്‍ഗ്രസ് നേതത്വം ഇത് തിരിച്ചറിഞ്ഞ് തിരുത്താന്‍ തയ്യാറാവണം- അദ്ദേഹം തുറന്നടിച്ചു.
തോൽവിയെക്കുറിച്ച് എന്താണ് കാഴ്ചപ്പാട്?
പാര്‍ട്ടിക്കകത്ത് പ്രതികരിക്കാന്‍ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കിയതെന്നും നേരത്തെ നേതൃത്വത്തിന് കത്തയച്ച സംഭവത്തില്‍ സിബല്‍ പറഞ്ഞു. കേന്ദ്രം മുഖ്യധാരാ മാധ്യമങ്ങളെ വരെ നിയന്ത്രിക്കുകയാണെന്നും ജനങ്ങളിലേക്കെത്താന്‍ മറ്റു വഴികള്‍ തേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രൗണ്ടിലേക്കിറങ്ങുന്പോള് ഒരു ഫലവും കിട്ടുന്നില്ല. അപ്പോള്‍ അതിന് വേണ്ട കാര്യങ്ങള്‍ എന്താണെന്ന് തേടി കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും കപില്‍ സിബല്‍ പറഞ്ഞു.
ബിഹാറിലെയും വിവിധ ഉപതെരഞ്ഞെടുപ്പുകളിലെയും തോല്‍വിയെക്കുറിച്ച് പാര്‍ട്ടിയുടെ കാഴ്ചപ്പാട് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ പതിവ് പോലെ എല്ലാം ഒരു ബിസിനസാണെന്നാവും അവര്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.