മുംബൈ: ഹര്‍ദിക് പാണ്ഡ്യ തന്നെക്കാള്‍ മികച്ച കളിക്കാരനാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഓസ്ട്രേലിയയുമായുള്ള മൂന്നാം ഏകദിനത്തില്‍ പാണ്ഡ്യ കാഴ്ചവച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കപില്‍ ദേവിന്റെ പരാമര്‍ശം. ഇപ്പോഴത്തെ പ്രകടനത്തില്‍ നിന്ന് ഇനിയും ഏറെ വളരാനുള്ള സാധ്യത ഈ യുവതാരത്തില്‍ കാണുന്നുവെന്നാണ് കപിലിന്റെ അഭിപ്രായം.
പക്ഷേ കഠിന പരിശീലനം കൊണ്ട് താരത്തെ സമ്മര്‍ദത്തിലാഴ്ത്തുന്ന നീക്കങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മുന്‍ ക്യാപ്റ്റന്‍ മുന്നറിയിപ്പ് നല്കി. ഇത്ര ചെറുപ്പത്തിലേ കഠിനപ്രയത്നം ചെയ്യുന്നത് ഭാവിയില്‍ പ്രകടനത്തെ ബാധിക്കാന്‍ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സാഹചര്യം ആവശ്യപ്പെടുന്നതുപോലെ കളിക്കാന്അറിയുന്ന താരമാണ് പാണ്ഡ്യയെന്ന് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടു. മൂന്നാം ഏകദിനത്തില്‍ 72 ബോളില്‍ നിന്ന് 78 റണ്‍സ് നേടിയ പാണ്ഡ്യയാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകിയത്.