ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിലെ അണികളെ മൊത്തം ഞെട്ടിച്ച് അടുത്ത വെളിപ്പെടുത്തൽ നടത്തുമെന്നു കേജരിവാൾ മന്ത്രിസഭയിൽനിന്നു പുറത്താക്കിയ കപിൽ മിശ്ര. ആംആദ്മി പാർട്ടിയിൽ ഇതുവരെ വിശ്വാസം അർപ്പിച്ച അണികളിലും പ്രവർത്തകരിലും കനത്ത ആഘാതമുണ്ടാക്കുന്നതായിരിക്കും അടുത്ത വെളിപ്പെടുത്തൽ എന്നാണ് കപിൽ മിശ്ര പറഞ്ഞത്.
ആംആദ്മി നേതാക്കൾക്കു വിദേശ യാത്രയ്ക്കുള്ള പണം നിന്ന് ലഭിച്ചു എന്നതു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരത്തിലാണ് കപിൽ മിശ്ര ഇപ്പോൾ. ബുധനാഴ്ച്ച ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ഡോക്ടർമാർ നിർദേശം നൽകിയെങ്കിലും പാർട്ടി നേതൃത്വത്തിൽനിന്ന് മറുപടി ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കു എന്ന് കപിൽ മിശ്ര വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ രണ്ടു കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച് കപിൽ മിശ്ര രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിൽ നിന്ന് കേജരിവാൾ രണ്ട് കോടി രൂപ കൈപ്പറ്റുന്നതു കണ്ടെന്നാണ് കപിൽ മിശ്ര പറഞ്ഞത്. കപിൽ മിശ്ര ഉന്നയിച്ച് ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ മറുപടി നൽകാൻ ഡൽഹി ലഫ്റ്റനന്റ് ജനറൽ അഴിമതി വിരുദ്ധ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ആരോപണം ഉയർന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ആരോപണത്തോട് പ്രതികരിക്കാൻ ഡൽഹി മുഖ്യമന്ത്രി തയാറായിട്ടില്ല.
അതിനിടെ, ഇന്നലെ കപിൽ മിശ്രയുടെ വസതിക്കു മുന്നിൽ നിരാഹാരം ഇരിക്കാൻ ശ്രമിച്ച ആം ആദ്മി പാർട്ടി എംഎൽഎ സഞ്ജീവ് ഝായ്ക്ക് മർദനമേറ്റു. ഡൽഹി സിവിൽ ലൈൻസിലെ മിശ്രയുടെ മുന്നിൽ മുപ്പതോളം പാർട്ടിക്കാരുമായി സമരത്തിനെത്തിയ സഞ്ജീവ് ഝായെ പോലീസ് അറസ്റ്റ് ചെയ്തു. മിശ്ര സമരം നടത്തിയപ്പോൾ നോക്കി നിന്ന പോലീസ് തന്നെ ആക്രമിച്ചെന്ന് എംഎൽഎ പറഞ്ഞു. മിശ്രയും പോലീസും കേന്ദ്ര സർക്കാരും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.