വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പാർലമെന്റ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. സംഘർഷത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റു.
പാർലമെന്റ് വളപ്പിൽ നിന്നും പോലീസ് രണ്ട് പൈപ്പ് ബോംബുകൾ കണ്ടെടുത്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വാഷിംഗ്ടണിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് നീട്ടി. പാർലമെന്റ് പരിസരത്ത് സുരക്ഷാസേനയെ വിന്യസിച്ചു.
അതേസമയം, അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഡൊണള്‍ഡ് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഉടന്‍ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പാർലമെന്റിനെ ആക്രമിക്കാന്‍ അനുയായികളെ പ്രേരിപ്പിച്ച ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തിയെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി.
ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗം ഏള് ബ്ലമനോര്‍ ആവശ്യപ്പെട്ടു. ഭരണഘടനയുടെ 25-ാം ഭേദഗതി അനുസരിച്ച് ട്രംപിനെ ഉടന്‍ പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും നീക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും യുഎസ് ക്യാബിനറ്റും തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് പാർലമെന്റിന് നേരെ നടന്ന അതിക്രമത്തിൽ ട്രംപിനെ കുറ്റപ്പെടുത്തി ലോകനേതാക്കൾ തന്നെ രംഗത്തെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്, സ്കോട്ടിഷ് പ്രധാനമന്ത്രി നിക്കോളോ സ്റ്റര്‍ജിയോണ്‍, സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്,ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ തുടങ്ങിയവര്‍ ട്രംപിനെതിരെ പരസ്യമായി വിമർശിച്ചു.
സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ കണ്ടതിൽ വിഷമമുണ്ടെന്നും ജനാധിപത്യ നടപടികൾ ധ്വംസിക്കപ്പെടാൻ പാടില്ലെന്നും മോദി ട്വീറ്റ് ചെയ്തു.