കുമരകം: മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ പ്രധാനപ്പെട്ട കപ്പയുടെ വിലയിൽ റിക്കാർഡ് വർധന. വില കൂടുന്നതിനൊപ്പം ലഭ്യതയും കുറയുന്നു.
ഒരു കിലോ പച്ച കപ്പയ്ക്ക് കുമരകം മാർക്കറ്റിൽ 45 രൂപയാണ് വില. ചിലയിടങ്ങളിൽ ഇത് 50 രൂപ വരെയാണ്. ഇതോടെ കപ്പ വിഭവങ്ങൾ കഴിക്കണമെങ്കിൽ പണചെലവേറുമെന്നായി.
ഡിമാൻഡ് കൂടി
കഴിഞ്ഞ വർഷം ഒരു കിലോ കപ്പയ്ക്ക് 10 രുപാ മുതൽ 20 രൂപവരെയായിരുന്നു സീസണിൽ വിലയുണ്ടായിരുന്നത്. വിലക്കുറവിനൊപ്പം ആവശ്യക്കാർ കുറഞ്ഞതും കപ്പ കർഷകർക്ക് എറെ കഷ്ടനഷ്ടങ്ങളുണ്ടാകാൻ ഇടയാക്കുകയും ചെയ്തു.
ഇതോടെ പല കർഷകരും ഈ വർഷം കപ്പകൃഷി ഉപേക്ഷിച്ചു. മറ്റു കൃഷികൾ ചെയ്യുകയാണ് ഒട്ടുമിക്ക കർഷകരും. ഇതാണ് കപ്പയ്ക്ക് കൂടുതൽ ഡിമാൻഡുണ്ടാകാൻ കാരണമായത്.
മാസങ്ങളോളം 20 രൂപ വിലയ്ക്കായിരുന്നു കപ്പ ചെറുകിട കച്ചവടക്കാർ വിറ്റിരുന്നത്. പിന്നീടത് 25, 30, 40 എന്നിങ്ങനെ ഉയർന്നു. ഇപ്പോൾ 45 രൂപയ്്ക്കാണ് വിൽപന.
കഴിഞ്ഞ വർഷംവരെ എങ്ങനെയെങ്കിലും വിറ്റഴിക്കാൻ പാടുപെട്ടിരുന്ന പച്ചക്കപ്പ ഉണക്കി വില്ക്കാൻ കർഷകർ ശ്രമിച്ചെങ്കിലും ഡിമാൻഡില്ലാത്തതിനാൽ ഗുണം ചെയ്തില്ല.
കഴിഞ്ഞ വർഷം കപ്പക്കൃഷി വ്യാപകമായതോടെയാണ് വിലയിടിഞ്ഞത്. ഇതോടെ കർഷകരെല്ലാം കപ്പ ഉണക്കി സൂക്ഷിച്ചു.
ഉണക്ക കപ്പ
കഴിഞ്ഞ വർഷത്തെ ദുരനുഭവം മൂലം ഇക്കുറി കൃഷിയും കുറച്ചു. കപ്പ ഉണങ്ങി കാര്യമായി സൂക്ഷിച്ചുമില്ല. അതിനാൽ ഉണക്ക കപ്പയ്ക്കും ഡിമാൻഡ് കൂടി.
കഴിഞ്ഞ തവണ ചുളു വിലയ്ക്ക് എടുത്തുവച്ച ഉണക്ക കപ്പ ഇരട്ടി വിലയ്ക്കാണ് കടകളിൽ വിൽക്കുന്നത്. പുതിയ ഉണക്ക കപ്പയുടെ സ്റ്റോക്ക് എത്തുന്നില്ല. 75 രൂപയ്ക്കാണ് നിലവിൽ ഉണക്ക കപ്പ വിൽക്കുന്നത്.